കാസര്‍കോട്: കോവിഡ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധനവുണ്ടായ ആദ്യ രണ്ട് ഘട്ടങ്ങളില്‍ കാസര്‍കോട് ജില്ലയിലെ രോഗികളുടെ എണ്ണം 178ല്‍ പിടിച്ച് കെട്ടാന്‍ കഴിഞ്ഞെങ്കിലും മൂന്നാം ഘട്ടത്തില്‍ എണ്ണത്തിലുണ്ടാകുന്ന കുതിച്ചു ചാട്ടം ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുണ്ടായതിന്റെ ഇരട്ടിയിലധികമാണ് മെയ് നാല് മുതല്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകളുടെ വരവിനു ശേഷം ഉണ്ടായിട്ടുള്ളത്. എന്നാല്‍ വിദേശത്ത് നിന്നും ആളുകളുടെ വരവ് കുറഞ്ഞപ്പോള്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ആരോഗ്യ വകുപ്പ് ഗൗരവത്തോടെ കാണുന്നത്. മെയ് 11 മുതല്‍ രണ്ട് മാസം കൊണ്ട് 463 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് തന്നെ ആദ്യമായി ജനുവരി 30ന് തൃശൂരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പിന്നാലെ ചൈനയില്‍ നിന്ന് നാട്ടിലെത്തിയ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ഫെബ്രുവരി മൂന്നിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ലയില്‍ കോവിഡ് വ്യാപനം ആരംഭിച്ചത്. കരുതലോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ഒന്നര മാസത്തോളം മറ്റു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മാര്‍ച്ച് 16 ഓടെ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ദുബായില്‍ നിന്നെത്തിയ കളനാട് സ്വദേശിക്കാണ് ജില്ലയില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒന്നും ആറും പത്തൊന്‍പതും മൂന്നും ഒക്കെയായി ക്രമേണ വര്‍ധിച്ച് മാര്‍ച്ച് 27ന് ആശങ്കയുണര്‍ത്തിയ 34ലെത്തി അവിടെ നിന്ന് പലവട്ടം ആശ്വാസത്തിന്റെ പൂജ്യത്തിലെത്തിയ കാസര്‍കോട്ടെ പ്രതിദിന കോവിഡ് പോസിറ്റീവ് പട്ടിക ജൂലൈ 12ന് 56ന്റെ ഭീതിപ്പെടുത്തുന്ന കണക്കിലെത്തിയത് ജില്ല ഞെട്ടലോടെയാണ് കേട്ടത്. സംസ്ഥാനത്ത് തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് ദിവസവും 400 കടന്ന് ഞായറാഴ്ച 435ന്റെ പുതിയ ഉയരം താണ്ടിയ പ്രതിദിന കണക്കില്‍ 41 സമ്പര്‍ക്ക കേസുകളുമായി ഏറ്റവും മുന്നില്‍ നിന്നത് കാസര്‍കോടാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാതെ ആശ്വാസത്തിന്റെ ദിവസങ്ങള്‍ കടന്ന് പോകുന്നതിന്റെ ഇടയിലാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നത്. ജൂലൈ പത്തിന് 17 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 11ഉം ജൂലൈ 11ന് 18 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ ഏഴും സമ്പര്‍ക്ക കേസുകളായിരുന്നു. ഇതില്‍ രണ്ട് കേസുകളുടെ ഉറവിടം വ്യക്തമായിട്ടില്ല. ഉറവിടമറിയാത്ത കേസുകളില്‍ സാധ്യതകള്‍ പരിശോധിക്കുന്നതിനിടയില്‍ വീണ്ടും ഉറവിടമാറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സമൂഹ വ്യാപനമുണ്ടായോ എന്ന സംശയം ഉയര്‍ത്തുന്നു.
രോഗ ഉറവിടം വ്യക്തമാകാത്തവരില്‍ ചെര്‍ക്കളയില്‍ ഹോട്ടല്‍ നടത്തുന്ന ചെമ്മനാട് താമസമുള്ള 38കാരനും അവിടത്തെ ജീവനക്കാരനും ചെങ്കള സ്വദേശിയുമായ 29കാരനും പെടും. കാസര്‍കോട് നഗരത്തില്‍ പച്ചക്കറി കട നടത്തുന്ന ചെങ്കള സ്വദേശിയായ 38കാരന്റെയും കാസര്‍കോട് നഗരസഭ പരിധിയിലെ 45 കാരന്റെയും പനത്തടി പഞ്ചായത്തിലെ 69കാരന്റെയും രോഗ ഉറവിടവും അറിവായിട്ടില്ല. ജൂലൈ 11ന് നാല് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച നഗരത്തിലെ പച്ചക്കറി കടയുടെ ഉടമസ്ഥനായ ചെങ്കള പഞ്ചായത്തിലെ 52കാരനും പച്ചക്കറി വണ്ടിയുടെ ക്ലീനറായ ചെങ്കളയിലെ 36കാരനും രോഗം സ്ഥിരീകരിച്ചവരില്‍ പെടും.
മംഗലാപുരത്ത് നിന്നും നിത്യേന പച്ചക്കറി കൊണ്ടുവരുന്ന മൊഗ്രാല്‍ പുത്തൂരിലെ 22കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ആദ്യമായാണ് കാസര്‍കോട്ട് 50ല്‍ അധികം കേസുകള്‍ ഒരുദിവസം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. നേരത്തെ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതില്‍ കൂടുതലും ഗള്‍ഫില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരായിരുന്നു. പക്ഷേ ഈയടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നത് സാമൂഹ്യവ്യാപന ഭീതിയുണര്‍ത്തുന്നു. സമ്പര്‍ക്ക രോഗികളില്‍ കൂടുതല്‍ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. മധുര് പഞ്ചായത്തിലെ ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കും രോഗം ബാധിച്ചു.
സമ്പര്‍ക്ക രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തില്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ചെര്‍ക്കള, നായന്മാര്മൂല, കുമ്പള പ്രദേശങ്ങളും പോലീസ് കര്‍ശന നിയന്ത്രണം നടപ്പിലാക്കുന്നുണ്ട്.
നേരത്തെ രണ്ടാം ഘട്ട കോവിഡ് വ്യാപന സമയത്ത് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കര്‍ശന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച കാസര്‍കോട്ടെ പൊതുജനങ്ങള്‍ പിന്നീട് ലോക്ക്ഡൗണില്‍ രാജ്യം ഇളവ് നല്‍കിയതോടെ പഴയ രീതിയിലേക്ക് മാറുകയായിരുന്നു. പലരും സ്വയം സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിരുന്നെങ്കിലും ചിലര്‍ അശ്രദ്ധയോടെയും ലാഘവത്തോടെയും കാര്യങ്ങളെ സമീപിച്ചത് കൂടുതല്‍ വിനയായി.
സൂപ്പര്‍ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞാല്‍ സര്‍ക്കാരിന്റെയും അധികൃതരുടെയും കൈയില്‍ ഒതുങ്ങാതെ ഏറ്റവും അപകടകരമായ, കമ്യൂണിറ്റി സ്പ്രെഡ് ആയി മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്. കടുത്ത നിയന്ത്രണങ്ങളോടെ വീണ്ടും പൊതുയിടങ്ങള്‍ അടച്ചിട്ട് സാമൂഹ്യവ്യാപനത്തിന് തടയിടേണ്ട സാഹചര്യത്തിലേക്കാണ് കാസര്‍കോട് നീങ്ങുന്നതെന്ന ഭയത്തിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: