നെടുവത്തൂര്‍: ബാങ്കില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായി വിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്നലെ രാവിലെ കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ പരിശോധന നടത്തി.
കല്ലേലി ബ്രാഞ്ചിലെ നിക്ഷേപങ്ങളും വായ്പയും ചിട്ടിയുമടക്കം വിശദമായി പരിശോധിച്ച് ക്രമക്കേടുകള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സ്ഥിര നിക്ഷേപത്തുകയില്‍ 30 ലക്ഷം രൂപയുടെ തിരിമറിയാണ് ഏറ്റവും ഒടുവില്‍ പരാതിക്കിടയാക്കിയിരുന്നത്. സ്ഥിരനിക്ഷേപങ്ങള്‍ ബാങ്കിലെ ജീവനക്കാര്‍ നിക്ഷേപകരുടെ വീട്ടിലെത്തി വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ഇവിടുത്തെ പ്രധാന രീതി.
നിക്ഷേപകന് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്കി സ്ഥിരനിക്ഷേപ തുക ജീവനക്കാര്‍ തട്ടിയെടുത്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് മാനേജര്‍ ജയരാജിനെതിരെ നടപടി എടുത്തത്. സ്ഥിരനിക്ഷേപങ്ങളില്‍ നിക്ഷേപകന് അറിയാതെ ജീവനക്കാര്‍ വായ്പയെടുത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെ അധികാരി എന്ന നിലയില്‍ സെക്രട്ടറിക്ക് ക്രമക്കേടില്‍ നേരിട്ട് ബന്ധമുള്ളതായി ഭരണസമിതിയോഗം വിലയിരുത്തി.
സ്ഥിരനിക്ഷേപം, ചിട്ടി, വായ്പ, സ്വര്‍ണപ്പണയം എന്നിവയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായിട്ടാണ് പരാതികള്‍. ഒന്നര കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ രണ്ട് മാനേജര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് ബാങ്കില്‍ നിന്നുതന്നെ കൃത്രിമ വായ്പ തരപ്പെടുത്തി ഈ തുക ഇവരെക്കൊണ്ട് തിരിച്ചടപ്പിച്ച് തരംതാഴ്ത്തലോടെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
പിന്നീടും ക്രമക്കേടുകള്‍ നടന്നത് കഴിഞ്ഞ ഒരാഴ്ചയായി ജന്മഭൂമി വാര്‍ത്തകളിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി നെടുവത്തൂര്‍ പഞ്ചായത്ത് സമിതി ബാങ്കിന് മുന്നില്‍ പ്രതിഷേധധര്‍ണയും ഉപരോധവും സംഘടിപ്പിച്ചു. നിരന്തരവാര്ത്തകളിലൂടെ ക്രമക്കേടുകള്‍ ജന്മഭൂമി പുറത്തുകൊണ്ടുവന്നതോടെ ഭരണസമിതിക്ക് രക്ഷയില്ലെന്ന സ്ഥിതി വന്നു. ഇതോടെയാണ് നടപടിയെടുക്കാന്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: