തിരുവനന്തപുരം: എന്‍ഐഎ ഏറ്റെടുത്ത സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന് സര്‍ക്കാരിനു മേല്‍ കുരുക്ക് മുറുകുന്നു. തീവ്രവാദ പ്രവര്‍ത്തിനടക്കം ഫണ്ട് ചെയ്യാന്‍ വേണ്ടി നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനായി അദ്ദേഹത്തെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തും. സമയവും തീയതിയിലും തീരുമാനിച്ചില്ലെങ്കിലും ഇതു ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശിവശങ്കറിന് സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാലാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റിലാണ് നടന്നതെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഇവിടെയെത്തിയതിന് സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളള വ്യക്തമായ തെളിവുകളും കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ നോട്ടീസ് നല്കി വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. അതേസമയം ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്നാണ് കേസില്‍ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയത്. എന്നാല്‍,ശിവശങ്കറിന്റെ ഫ്ലാറ്റില്‍ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടന്ന കാര്യം സരിത് സ്ഥിരീകരിച്ചു. പല കടത്തിന്റെയും ഗൂഡാലോചന നടന്നത് ഇവിടെ വച്ചാണെന്നാണ് സരിത് പറഞ്ഞത്. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും സരിത് പറഞ്ഞു.
അതിനിടെ ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി ജലാല്‍ നാടകീയമായി കീഴടങ്ങി. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലാണ് മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പം കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ റമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.
മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വളരെ നാടകീയമായി തിങ്കളാഴ്ച രാത്രിയാണ് പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്. തിരുവനന്തപുരം, ദല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജലാലിന് എതിരെയുണ്ട്. സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേര്‍ന്ന് രാജ്യത്തേക്ക് എത്തിച്ച നാല്‍പ്പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: