മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധം വെറും പരസ്യം മാത്രമാണെന്ന് അരുണും മീനുവും മനസ്സിലാക്കിയപ്പോഴേക്കും അവര്‍ക്ക് തങ്ങളുടെ പിഞ്ചേമനകളെ നഷ്ടപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യ മീനുവിനെയും കൊണ്ട് മെയ് 20നാണ് അരുണ്‍ യുഎഇയില്‍ നിന്ന് വള്ളിക്കുന്നിലെ തന്റെ വീട്ടിലെത്തിയത്. ഇരട്ടകുട്ടികളായതില്‍ സമ്പൂര്‍ണ ബെഡ് റെസ്റ്റായിരുന്നു ഡോക്ടര്‍മാര്‍ മീനുവിന് നിര്‍ദേശിച്ചിരുന്നത്. വീട്ടില്‍ 20 മുതല്‍ സ്വയം നിരീക്ഷണത്തില്‍ കഴിയവെ ജൂണ്‍ ഒന്നിന് കോവിഡ് ടെസ്റ്റിന് ഹാജരാകണമെന്ന് മലപ്പുറം ഡിഎംഒ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. സ്വന്തം കാറില്‍ വരാമെന്ന് പറഞ്ഞെങ്കിലും അതുവേണ്ടെന്നും മൂന്നാം തീയതി രാവിലെ ഒന്‍പതിന് 108 ആംബുലന്‍സ് എത്തുമെന്നും തയ്യാറായി നില്‍ക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ വൈകിട്ട് 3.30നാണ് ആംബുലന്‍സ് വന്നത്. ഗര്‍ഭിണിയായ തന്നെയും കൊണ്ട് വളരെ വേഗതയിലാണ് ആംബുലന്‍സ് പോയതെന്നും തന്റെ അഭ്യര്‍ത്ഥനകളൊന്നും അംഗീകരിച്ചില്ലെന്നും മീനു പറയുന്നു.
5.30ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തയപ്പോഴേക്കും വല്ലാതെ വേദന അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഗൈനക്കോളജിസ്റ്റിനെ കാണണമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. കോവിഡ് ടെസ്റ്റിനായി മുകള്‍നിലയിലേക്ക് സ്‌റ്റെപ്പ് കയറ്റി കൊണ്ടുപോയി. ഗര്‍ഭിണിയായ തനിക്ക് നടക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ ഡ്യൂട്ടി നേഴ്‌സുമാര്‍ ദേഷ്യപ്പെടുകയാണ് ചെയ്തത്. ഭര്‍ത്താവിന്റെ സഹായത്തോടെ വളരെ ബുദ്ധിമുട്ടി സ്‌റ്റെപ്പ് കയറി എത്തിയത് ഐസൊലേഷന്‍ വാര്‍ഡിലേക്കാണ്. ഒരുവിധ സുരക്ഷാസംവിധാനവും ഇവിടെയില്ലായിരുന്നു. വേദന കലശലായതോടെ പലതവണ ആവശ്യപ്പെട്ടിട്ടും ഒന്ന് കിടക്കാനുള്ള സൗകര്യം പോലും നല്‍കിയില്ല. ഒടുവില്‍ സ്ഥിതി വഷളായതോടെ രാത്രി പത്ത് മണിക്കാണ് ഒരു കട്ടില്‍ നല്‍കിയത്. ജൂണ്‍ എട്ടിന് സ്‌കാനിങിന് വന്നാല്‍ മതിയെന്നും വീട്ടിലേക്ക് മടങ്ങിക്കോളാനും അധികൃതര്‍ പറഞ്ഞെങ്കിലും ആംബുലന്‍സ് ഒന്നും സ്ഥലത്തില്ലാത്തതിനാല്‍ വീണ്ടും കുറേ നേരം കൂടി അവിടെ തുടരേണ്ടി വന്നു. പുലര്‍ച്ചെ 3.30നാണ് ആംബുലന്‍സ് വന്നത്. അണുവിമുക്തമാക്കാത്ത ആംബുലന്‍സിലുള്ള മടക്കയാത്ര കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുണ്ടായ ദുരനുഭവം ജൂണ്‍ അഞ്ചിന് ഡിഎംഒ ഓഫീസില്‍ വിളിച്ചറിയിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ഈ കോള്‍ റെക്കോര്‍ഡ് ഉള്‍പ്പടെ ആരോഗ്യമന്ത്രിക്കും ജില്ലാകളക്ടര്‍ക്കും ഇമെയില്‍ വഴി പരാതി നല്‍കി.
ജൂണ്‍ ആറിന് ബ്ലഡ് സ്‌പോട്ട് കണ്ടതിനാല്‍ സമീപത്തെ ഹെല്‍ത്ത് സെന്റര്‍ നേഴ്‌സിന്റെ സമ്മതത്തോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും പ്രാഥമിക ശുശ്രൂഷകള്‍ നേടി വീട്ടിലേക്ക് തിരിച്ചുപോന്നു.
ജൂണ്‍ എട്ടിന് സ്‌കാനിങിനായി മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തയ്യാറെടുക്കവെ അവിടെ നിന്ന് ഡോ.നന്ദകുമാര്‍ വിളിച്ചു. മീനുവിന്റെ സ്രവ പരിശോധനാഫലത്തില്‍ ചെറിയ പ്രശ്‌നമുണ്ടെന്നും പത്ത് ദിവസത്തേക്കുള്ള വസ്ത്രങ്ങളുമായി എത്രയും വേഗം ആശുപത്രിയിലെത്താനും നിര്‍ദേശിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ മീനു കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചു. ഭര്‍ത്താവ് അരുണിനെയും മീനുവിനൊപ്പം ഐസൊലേഷനിലാക്കി. രാത്രി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നേഴ്‌സിനെ വിവരം അറിയിച്ചു. എന്നാല്‍ ഡോക്ടര്‍ വന്ന് പരിശോധിക്കേണ്ടതിന് പകരം ഫോണിലൂടെ അവസ്ഥ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. പിറ്റേന്ന് വീണ്ടും കലശലായ വേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവും മീനുവും വലിയ ബഹളങ്ങളുണ്ടാക്കിയതിന് ശേഷമാണ് ലേബര്‍ റൂമിലേക്ക് കൊണ്ടുപോയത്. സ്‌കാന്‍ ചെയ്തപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അഞ്ചുമാസം പ്രായമുള്ള രണ്ട് കുട്ടികളും പുറംലോകം കാണാതെ യാത്രയായി.
ഈ അവസ്ഥയിലും നേഴ്‌സുമാര്‍ വളരെ മോശമായാണ് പെരുമാറിയത്. എടി, പോടി എന്ന് മാത്രമാണ് സംബോധന ചെയ്തത്. വേദനകൊണ്ട് പുളയുന്ന തന്നെ അവരില്‍ ചിലര്‍ അസഭ്യം പോലും വിളിച്ചെന്ന് മീനു പറയുന്നു.
ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് തങ്ങള്‍ക്ക് തങ്ങളുടെ മക്കളെ നഷ്ടപ്പെടാന്‍ കാരണം. കൊട്ടിഘോഷിക്കുന്നതിന്റെ നൂറിലൊന്ന് പരിചരണം പോലും രോഗികള്‍ക്ക് നല്‍കുന്നില്ല. ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ പേരില്‍ മനപൂര്‍വ്വം തന്നെ കോവിഡ് പോസിറ്റീവ് ആക്കിയതാണോയെന്ന് സംശയിക്കുന്നതായി മീനു പറഞ്ഞു. തനിക്കൊപ്പം ഐസൊലേഷനില്‍ കഴിഞ്ഞ ഭര്‍ത്താവിന് രോഗം ബാധിക്കാത്തത് സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ സാമ്പിള്‍ ശേഖരിക്കാന്‍ 15 മിനിറ്റിന് വേണ്ടി ഒന്‍പത് മണിക്കൂര്‍ കാത്തുനിര്‍ത്തിച്ചവര്‍ വരെ തങ്ങളുടെ വലിയ നഷ്ടത്തിന് ഉത്തരവാദികളാണ്.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നല്‍കുമെന്ന് ഇവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മീനുവിന്റെ അച്ഛനും പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലറുമായ പി.വി.തുളസീദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: