കൊച്ചി: സ്വപ്ന സുരേഷും സന്ദീപും അറസ്റ്റിലിയതിനു പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റും റെയ്ഡുകളും. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ പുക്കാട്ടില്‍ റമീസിനെ കസ്റ്റംസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു. മലപ്പുറത്ത് നിന്ന് ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തു.
സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റമീസിനെ അറസ്റ്റ് ചെയ്തത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി സരിത്തിനൊപ്പമിരുത്തിയാണ് റമീസിനെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്തത്. റമീസ് പിടിയിലായത് നിര്‍ണായക വഴിത്തിരിവാവുമെന്നാണ് സൂചന. ഇയാള്‍ കള്ളക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ് പറയുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ടി. കെ ഫയാസുമായി അടുത്ത ബന്ധമുണ്ടെന്നും റമീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
2013ലാണ് 20 കോടിയുടെ ആറ് കിലോ സ്വര്‍ണം കടത്തിയ കേസില്‍ സിബിഐ ഫയാസിനെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെയും എയര്‍ഹോസ്റ്റസുമാരെയും ഏജന്റുമാരാക്കിയായിരുന്നു ഫയാസിന്റെ സ്വര്‍ണം കടത്ത്. ഇതിന് സഹായം ചെയ്ത മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയും അന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഷാര്‍ജയില്‍ ഫയാസിനൊപ്പം കഴിഞ്ഞിരുന്നതായും റമീസ് മൊഴി നല്കി. കൊച്ചിയില്‍ ചോദ്യം ചെയ്യല്‍ തുടരുമ്പോള്‍തന്നെ റമീസിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.
റമീസ് മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് റമീസ്. 2014 ല്‍ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലും പ്രതിയാണ് റമീസ്. ഹവാല ഇടപാടുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.
റമീസിന്റെ മൊഴിയനുസരിച്ച് കൂടുതല്‍ പേര് കേസില്‍ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ സൂചന നല്കുന്നു. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. ഹവാല പണത്തിന് പകരമായി സിനിമാ നിര്‍മാതാക്കള്‍ക്കും സ്വര്‍ണം നല്‍കിയതായും റമീസ് ചോദ്യം കസ്റ്റംസിനോടു പറഞ്ഞു.
വിദേശത്ത് നിന്നെത്തിക്കുന്ന സ്വര്‍ണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി വിനിയോഗിച്ചുവെന്ന് കേസിലെ ഒന്നാം പ്രതി പി. എസ് സരിത്ത് ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് വെളിപ്പെടുത്തി. മെറ്റല്‍ കറന്‍സിയായിട്ടാണ് (കുഴല്‍പ്പണ റാക്കറ്റുകള്‍ കള്ളപ്പണമായി കറന്‍സി നോട്ടുകളുടെ തുല്യ തുകയ്ക്ക് സ്വര്‍ണം കൈമാറുന്ന രീതി) സ്വര്‍ണം ഉപയോഗിച്ചിരുന്നതെന്നും സരിത്ത് പറഞ്ഞു. സരിത്തില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയവരിലൊരാളാണ് റമീസ്. ഓരോ പ്രാവശ്യവും സ്വര്‍ണം കടത്തിയ ശേഷം കോഴിക്കോട് ഇരുവരും ഒത്തുചേരും. രണ്ട് പ്രതികളും നല്കിയ വിവരങ്ങള്‍ കസ്റ്റംസ് എന്‍ഐഎയ്ക്ക് കൈമാറി. സരിത്തിന്റെ തിരുവനന്തപുരം തിരുവല്ലത്തെ വീട്ടില്‍ എന്‍െഎഎ സംഘം ഇന്നലെ വൈകിട്ട് പരിശോധന ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: