തൃശൂര്‍: ഹൗ… എന്തൊരു സ്പീഡ്. കൊടിയേറ്റം സിനിമയില്‍ ചീറിപ്പായുന്ന വണ്ടിയെ നോക്കി ഭരത്ഗോപിയുടെ കഥാപാത്രം പറയുന്ന ഡയലോഗാണിത്. സ്വപ്നയെയും സന്ദീപിനെയും കൊണ്ടുള്ള എന്‍ഐഎയുടെ പാച്ചില്‍ കണ്ട ജനവും ലെ അതുതന്നെ പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളെ കൊണ്ടുവരുന്നത് കാണാന്‍ വഴിനീളെ കാത്ത് നില്‍ക്കുകയായിരുന്നു ജനങ്ങള്‍. അതിനിടെ ബിജെപി -കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളും. പ്രതികളുമായി പായുന്ന വാഹനങ്ങള്‍ക്ക് പിന്നിലായി കുതിച്ച് ചാനല്‍ സംഘങ്ങളുടെ നീണ്ടനിര. സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു ദേശീയപാത 66 ല്‍ ഇന്നലെ അരങ്ങേറിയത്.
സ്വപ്നയും സന്ദീപും മുഖംമറച്ച നിലയിലായിരുന്നു. രണ്ട് വാഹനങ്ങളിലായാണ് രണ്ട് പേരെയും കൊണ്ട് വന്നതെങ്കിലും വടക്കഞ്ചേരിയില്‍ വെച്ച് സ്വപ്നയെ കൊണ്ടുവന്ന കാറിന്റെ ടയര്‍ പഞ്ചറായി. ഇതോടെ രണ്ട് പ്രതികളേയും ഒരു വണ്ടിലാക്കി. കുതിരാന്‍ മുതല്‍ കൊരട്ടിവരെ ജില്ലയിലെ യാത്ര പൂര്‍ത്തിയാക്കാനെടുത്തത് ഒരുമണിക്കൂറില്‍ താഴെമാത്രം. പ്രതിഷേധക്കാരും ചാനല്‍ സംഘങ്ങളും വേഗതക്ക് പലപ്പോഴും തടസമായി. പ്രതിഷേധക്കാര്‍ വാഹനവ്യൂഹം കണ്ട് റോഡിലേക്ക് ചാടിയിറങ്ങിയത് പലയിടത്തും പോലീസിനും തലവേദനയായി. ഇതോടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമെത്തി. പാലിയേക്കര ടോള്‍പ്ലാസക്ക് സമീപം വലിയതോതിലുള്ള ആള്‍ക്കൂട്ടവും പ്രതിഷേധവുമുണ്ടായി. ഇതോടെ എതിര്‍ദിശയിലുള്ള ട്രാക്കിലൂടെ വാഹനവ്യൂഹം കടത്തിവിട്ടു. പുതുക്കാട്. ചാലക്കുടി, കൊരട്ടി എന്നവിടങ്ങളിലും പ്രതിഷേധമുണ്ടായി.
ചാലക്കുടി: പ്രധാന ജംഗ്ഷനുകളിലെല്ലാം വാഹനവ്യൂഹം എത്തുംമുമ്പ് വന്‍ ജനക്കൂട്ടം ഇടംപിടിച്ചു. പലയിടങ്ങളിലും പ്രതിക്ഷേധം ശക്തമായത്തോടെ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. റോഡരികില്‍ നിന്നെല്ലാം പോലീസ് ജനങ്ങളെ അകറ്റി നിര്‍ത്തി. കനത്ത സുരക്ഷയില്‍ മിന്നല്‍ വേഗതയില്‍ വാഹനവ്യൂഹം കടന്നുപോയി. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും ദേശീയ പാതയോരങ്ങളില്‍ പലയിടത്തും വലിയതിരക്കനുഭവപ്പെട്ടു. പോട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ചാലക്കുടി സിഗ്നല്‍ ജംഗ്ഷനില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എന്‍ഐഎക്ക് അഭിവാദ്യമര്‍പ്പിച്ച് മുദ്രവാക്യം മുഴകി. ജില്ല അതിര്‍ത്തിയിലും വലിയ തിരക്കായിരുന്നു.
ചാലക്കുടിയില്‍ എന്‍ഐഎക്ക് അഭിവാദ്യമര്‍പ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. എന്‍ഐഎ സംഘം ചാലക്കുടിയിലൂടെ കടന്നുപോയപ്പോഴാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് ചാലക്കുടി ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, ജില്ലാ കമ്മിറ്റി അംഗം ടി.വി ഷാജി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അമല്‍ അതിയാരത്ത്, ജനറല്‍ സെക്രട്ടറി സനല്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു ശ്രീപുരം, യുവമോര്‍ച്ച കാടുകുറ്റി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അമല്‍, അതുല്‍രാജ്, അഭിജിത് കുമാര്‍, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: