തൃശൂര്‍: ഇരട്ടക്കൊലക്കേസിലെ പ്രതിയും കഞ്ചാവു വില്പനസംഘത്തിലെ കണ്ണിയുമായ വരടിയം സ്വദേശി സിജോയെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 6 പ്രതികള്‍ കൂടി അറസ്റ്റിലായി. എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയില്‍ വീരത്ത് വീട്ടില്‍ ശിവാനന്ദന്, നെല്ലിക്കാട് വാടകയ്ക്കു താമസിക്കുന്ന നെല്ലങ്കര കാഞ്ഞിലി വീട്ടില്‍ സച്ചിന് (25), കുണ്ടന്നൂര്‍ ആറ്റത്ര മുല്ലക്കല്‍ വൈശാഖ് (33), ആര്യംപാടം കരുമത്തില്‍ ലെജീഷ് (28), പറപ്പൂര് ഹാപ്പി നഗര്‍ പ്രസാദ് (28), കുറ്റൂര്‍ തവളക്കുളം കറുത്തേടത്ത് ബിജു (28) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതിയായ കുറ്റൂര്‍ ഈച്ചരത്ത് പ്രദീഷിനെ (27) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. 2019 ഏപ്രില്‍ 24ന് പേരാമംഗലത്തു നടന്ന ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതിയായ സിജോയെ മണിത്തറ അവണൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു മുന്നില്‍ തിങ്കളാഴ്ച വെളുപ്പിനാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. സിജോയോടൊപ്പം ഉണ്ടായിരുന്ന 4 പേര് രക്ഷപ്പെടുകയായിരുന്നു. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: