കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.
കോവിഡ് രോഗം ബാധിച്ച രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാരജാകാതിരുന്നതെന്ന് അഭിഭാഷകന് അറിയിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കുകയാണെന്നറിയിച്ചത്. ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ തവണ ബോധിപ്പിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് പ്രോസിക്യൂഷന് കണ്ടെത്തിയിരുന്നു. ബിഷപ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ജാമ്യക്കാര്‍ക്കെതിരെ കോടതി ഇന്ന് സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: