കൊട്ടാരക്കര: ശാരീരികാസ്വാസ്ഥ്യം നേരിട്ട് തിരിച്ചിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ തെങ്ങിനുമുകളില്‍ കുടുങ്ങിയ സുരേഷിന് ഇത് രണ്ടാം ജന്മം. അതും അഗ്നിശമനസേനയുടെ സഹായത്തോടെ.
ഉമ്മന്നൂര്‍ പെരുമ്പയില്‍ അരുണ്‍കോട്ടേജില്‍ വൈ. തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ 60 അടിയോളം ഉയരമുള്ള തെങ്ങിലാണ് പെരുമ്പ കമ്പറ വീട്ടില്‍ സുരേഷ്(45) കയറിയത്. ഇന്നലെ ഉച്ചയ്‌ക്ക് 12നായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ നിന്നെത്തിയ അഗ്‌നിശമന സേന ഏണിയുടെയും കയറിന്റെയും സഹായത്തോടെ സുരേഷിനെ താഴെയെത്തിച്ചു. സേനയുടെ ഏണി ഉപയോഗിച്ച് തെങ്ങിന്റെ പകുതിക്ക് മുകളില്‍ വരെ മാത്രമേ കയറാനായുളളൂ.
ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഡി. സമീര്‍, പി. പ്രവീണ്‍, ഹോം ഗാര്‍ഡ് അജിത് എന്നിവര്‍ തെങ്ങിന്റെ മുകളില്‍ കയറി സുരേഷിനെ റോപ് ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിച്ചു. തെങ്ങിന്റെ ഉയരക്കൂടുതലും സുരേഷിന്റെ അവശാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരവും സാഹസികവുമാക്കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.പി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എസ്. ശങ്കരനാരായണന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷിബു വി നായര്‍, ആര്‍. രാജീവ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: