കാസര്‍കോട്: ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലത്ത് കടലില്‍ പോകാന്‍ ആശ്രയം മടക്കര തുറമുഖം മാത്രം. കീഴൂര്‍ അഴിമുഖം അപകട മേഖലയായി തുടരുന്നതാണ് മടക്കരയിലെത്താന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാകുന്നത്. യാത്രയ്‌ക്കു ചെലവു കൂടുന്നതു കാസര്‍കോട്, കീഴൂര്‍, കോട്ടിക്കുളം, ബേക്കല്‍ ഭാഗങ്ങളിലെ തൊഴിലാളികള്‍ക്കു കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. അതതു പ്രദേശങ്ങളില്‍ തന്നെ മീന്‍ പിടിക്കുന്നതിനും വില്‍പനയ്‌ക്കും ആവശ്യമായ സൗകര്യമില്ലാത്തതാണ് മടക്കര തുറമുഖത്തെ ആശ്രയിക്കേണ്ടി വരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
രണ്ടോ നാലോ തൊഴിലാളികള്‍ ചേര്‍ന്നാണ് ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ രണ്ടര മണിക്കൂറോളം താണ്ടി മടക്കരയിലെത്തിക്കുന്നത്. ശേഷിച്ച എട്ടോളം പേര്‍ പുലര്‍ച്ചെ നാലരയോടെ റോഡ് മാര്‍ഗം മടക്കരയിലെത്തും. മീന്‍ പിടിത്തം കഴിഞ്ഞ് ഉച്ചയ്‌ക്കു ശേഷം എല്ലാവരും വാഹനത്തിലാണു മടങ്ങുക. കാസര്‍കോട് നിന്നു 3000 രൂപയും കീഴൂര്‍ ഭാഗത്തു നിന്നു പോകുന്നവര്‍ 2500 രൂപ വരെയുമാണ് വാഹന വാടകയായി മുടക്കേണ്ടി വരുന്നത്.
മടക്കരയില്‍ മീന്‍ പിടിച്ചു വിറ്റു കിട്ടുന്ന തുകയില്‍ എണ്ണയുടെയും വാഹനത്തിന്റെയും ചെലവ് കഴിച്ച് ഓഹരി വച്ചാല്‍ കിട്ടുന്നതു തുച്ഛമായ തുക. മീന്‍ വിറ്റു കിട്ടുന്ന തുക കുറഞ്ഞാല്‍ ചിലപ്പോള്‍ നഷ്ടവും സംഭവിക്കാം. കാസര്‍കോട് കസബയ്‌ക്കും കീഴൂരിനും മധ്യേ അഴിമുഖം വീതിയും പുലിമുട്ട് നീളവും വര്‍ധിപ്പിച്ചാല്‍ ഈ പ്രദേശങ്ങളില്‍ തന്നെ വള്ളങ്ങളില്‍ മീന്‍ പിടിത്തം സുഗമമായി നടത്താന്‍ കഴിയുമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കോട്ടിക്കുളം ബേക്കല്‍ മേഖലയില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: