റാന്നി: മഴക്കാലം എത്തിയതോടെ പെരുന്തേനരുവി വെള്ളച്ചാട്ടം കൂടുതൽ സുന്ദരിയായി. രൗദ്ര ഭാവത്തിൽ നദി നിറഞ്ഞൊഴുകുകയാണ്. പാറകളിൽ തട്ടി ചിതറി വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച ആരേയും കൊതിപ്പിക്കും. പക്ഷെ മഹാമാരി കാരണം ഈ സൗന്ദര്യം ആസ്വദിക്കാൻ പതിവ് തിരക്കില്ല.
പ്രളയം തകർത്തെറിഞ്ഞ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ പുനരുദ്ധാരണം ഇനിയും അകലെയാണ്. ഒരു തവണ ഇവിടെ എത്തുന്നവർക്ക് വീണ്ടും എത്താനുള്ള ആഗ്രഹം ഇല്ലാതാക്കുന്ന രീതിയിലാണ് ഇവിടുത്തേ അടിസ്ഥാന സൗകര്യങ്ങൾ. പൊട്ടിപൊളിഞ്ഞ പടവുകളും ഉരുളൻ കല്ലുകളും നിറഞ്ഞുരിക്കുകയാണ്. അറ്റകുറ്റപ്പണികൾക്ക് വേണ്ട ഫണ്ട് അനുവദിക്കാത്തതാണ് കാരണം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് ടൂറിസം പദ്ധതിക്കു നാശം നേരിട്ടത്. നടപ്പാത, റാമ്പ്, കുട്ടികളുടെ പാർക്ക്, ലൈറ്റുകൾ എന്നിവയെല്ലാം തകർന്നു.പരുവ മഹാദേവ ക്ഷേത്രക്കടവിൽ നിന്ന് പമ്പാനദിയുടെ തീരത്തുകൂടി അരുവിക്കു താഴെവരെ നടപ്പാത പണിതിരുന്നു.
പൂട്ടുകട്ടകൾ പാകിയാണ് നടപ്പാത ക്രമീകരിച്ചത്. പ്രളയത്തിൽ നടപ്പാതയുടെ മിക്ക ഭാഗങ്ങളും തകർന്നു. പൂട്ടുകട്ടകളടക്കം ഒലിച്ചുപോയി. കുറെ നടപ്പാതയിൽ ശേഷിക്കുന്നുണ്ട്. ഫണ്ട് അനുവദിച്ചാൽ മാത്രമെ നടപ്പാത പുനർനിർമിക്കാനാകൂ. അരുവിയിലെത്തുന്ന സന്ദർശകർക്ക് വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താനായി റാമ്പ് പണിതിരുന്നു. ആറിനോടു ചേരുന്ന ഭാഗത്തെ റാമ്പ് പ്രളയത്തിൽ ഒലിച്ചുപോയി. അവ പുനർ നിർമിക്കാത്തതിനാൽ ആറ്റിലേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടാണ്. പ്രായമായവരാണ് കൂടുതൽ കഷ്ടപ്പെടുന്നത്. കാട്ടുകല്ലുകൾ കിടക്കുന്നതിനാൽ കുട്ടികൾക്കും കയറിയിറങ്ങാനാകുന്നില്ല.
അരുവിയിൽ കുട്ടികൾക്കായി പാർക്ക് നിർമിച്ചിരുന്നു. പണി പാതിവഴിയിലെത്തിയപ്പോഴാണ് വെള്ളപ്പൊക്കമെത്തിയത്. പാർക്കിൽ സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങളൊക്കെ തകർന്നു. കുട്ടികൾക്കു കളിക്കാനായി സ്ഥാപിച്ച ഉപകരണങ്ങൾക്കും നാശം നേരിട്ടു. പാർക്കിലും സമീപത്തും വിവിധ നിറങ്ങളിൽ വെളിച്ചം തൂകുന്ന ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. അവയുടെ കമ്പിക്കാലുകളടക്കം തകർന്നു കിടക്കുന്നു. പാർക്കിങ് ഗ്രൗണ്ടിൽ നിക്ഷേപിച്ച മണ്ണ് അതുപോലെ കിടക്കുന്നു. അതു നിരപ്പാക്കാനും നടപടിയുണ്ടായിട്ടില്ല. ടൂറിസം വകുപ്പിൽ നിന്നു ഫണ്ട് അനുവദിക്കാതെ പുനരുദ്ധാരണം നടത്താനാകില്ല. അതിനുള്ള നടപടി വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: