തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചുരുളഴിക്കാനുള്ള ശ്രമമാണ് കസ്റ്റംസും എന്‍ഐഎയും നടത്തുന്നത്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും സന്ദീപ് നായരും പങ്കെടുത്തിട്ടുണ്ട്. എന്‍ഐഎയുടെ എഫ്ഐആറില്‍ ഒന്നാം പ്രതിയാണ് മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരനായിരുന്ന സരിത്ത് കുമാര്‍. നാലാം പ്രതിയാണ് സന്ദീപ് നായര്‍. ഇവരാണ് സ്വര്‍ണം കടത്തുന്നതിന് വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇവരുടെ പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഇവരെ ബന്ധപ്പിച്ചത് സ്വപ്നയാണ്.
തിരുവനന്തപുരത്ത് തിരുവല്ലം സ്വദേശിയായ സരിത്തിനെ പിടികൂടുന്നതോടെയാണ് സ്വര്‍ണക്കടത്തിന്റെ വ്യാപ്തിയും ഇതില്‍ പങ്കളികളായവരെ കുറിച്ചുള്ള വിവരങ്ങളും ചുരുളഴിയുന്നത്. മിഡില്‍ക്ലാസ് കുടുംബത്തിലാണ് സരിത്ത് വളര്‍ന്നത്. പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസത്തിന് ശേഷം കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി. പിന്നീട് സ്വപ്നയേയും സന്ദീപിനേയും പരിചയപ്പെടുകയും നിരവധി തവണ സ്വര്‍ണ കടത്തില്‍ പങ്കാളിയാകുകയും ചെയ്തു. കോണ്‍സുലേറ്റിലെ ജോലി പോയതിനു ശേഷവും സരിത് കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജുകള്‍ സ്വീകരിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്ത്. കമ്മീഷന് വാങ്ങി സരിത്തും സ്വപ്നയും മുമ്പും സ്വര്‍ണകടത്തിന് ഒത്താശ ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍കാലത്ത് ഇത്തരത്തിലുള്ള എട്ട് ഇടപാടുകള്‍ നടത്തിയതായാണ് കസ്റ്റംസിന് ലഭിച്ച തെളിവുകള്‍. സരിത്തില്‍ നിന്ന് കണ്ടെത്തിയ രേഖകളും, പിടിച്ചെടുത്ത സ്വര്‍ണവും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ അന്വേഷണ ഉേദ്യാഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട്ടെ കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി തയാറാക്കിയത് സന്ദീപാണ്.
സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് 2019 ഡിസംബര്‍ 31ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വപ്ന സുരേഷിന്റെ ക്ഷണപ്രകാരം പങ്കെടുത്തത് വിവാദമായിരുന്നു. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് മാത്രമല്ല, രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി എന്നിവയിലെ ഉദേ്യാഗസ്ഥരും ചോദ്യം ചെയ്തിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് പങ്കാളിയായിരുന്നു എന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു സന്ദീപ്. ഇയാള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയത് വളരെ പെട്ടെന്നായിരുന്നു. അടുത്തകാലത്താണ് മഹാരാഷ്ട്ര രജിസ്ട്രേഷനില്‍ ഒരു ആഡംബര കാര്‍ വാങ്ങിയത്. സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ദുബായ്യിലേക്ക് ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: