കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും. പോലീസില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരങ്ങളുടേയും രഹസ്യ പരാതികളുടെയും അടിസ്ഥാനത്തിലാണിത്.
പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനും എതിരെ പേരു പറഞ്ഞും പറയാതെയും വന്ന വിവിധ വാര്‍ത്തകളും ആക്ഷേപങ്ങളും രഹസ്യ പരാതികളുമാണ് അന്വേഷണത്തിന് ഏജന്‍സികളെ പ്രേരിപ്പിച്ചത്. നാല് വര്‍ഷത്തിനിടെ നിരവധി തവണ ഇരുവരും യുഎഇ യാത്ര നടത്തിയതും ചില പരാതികളിലുണ്ട്.
ചില യാത്രകളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എംബസി മുഖേന സ്വപ്ന യുഎഇയില്‍ ചില സഹായങ്ങള്‍ നല്കി. പോലീസ് ഉദ്യോഗസ്ഥരുമായും യുഎഇ എംബസി അധികൃതരുമായും ഇതിനായി നടത്തിയ ഇമെയിലുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേരത്തെ ബെഹ്റയും സ്വപ്നയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മറ്റൊരു എഡിജിപിക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം വാര്‍ത്തകളില്‍ ആഭ്യന്തര വകുപ്പ് വ്യക്തത വരുത്തണമെന്നും അല്ലെങ്കില്‍ പോലീസ് സേനയില്‍ ഉള്ളവരെയെല്ലാം ജനങ്ങള്‍ സംശയിക്കുമെന്നും ഐജി ശ്രീജിത്ത് പരാതി നല്കി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ സ്വപ്നയെ ചോദ്യം ചെയ്തതില്‍ ഐപിഎസ് ഉന്നതന് അതൃപ്തി അറിയിച്ചെന്നും ഐജി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് പ്രതിയെ സഹായിച്ചെന്നുമായിരുന്നു വാര്‍ത്ത.
പോലീസ് തലപ്പത്തുള്ളവര്ക്കെതിരായ പ്രചാരണത്തിന് പിന്നില്‍ പോലീസിലെ തന്നെ ഒരു വിഭാഗമാണെന്നാണ് വിവരം. അതിനിടെ, ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന വ്യാജേന മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്കി അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനെതിരെയും പോലീസില്‍ ഒരു വിഭാഗം ശബ്ദമുയര്‍ത്തുന്നു. ആഭ്യന്തര വകുപ്പ് സഹസംഘാടകരായി കേരളത്തിലും യുഎഇയിലും നടത്തിയ കൊക്കൂണ്‍ സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: