കുന്നത്തൂര്‍: ക്വാറന്റൈന് കേന്ദ്രത്തിലെ മാലിന്യങ്ങള്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ തള്ളി. ശൂരനാട് വടക്ക് പഞ്ചായത്തിലെ ക്വാറന്റൈന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെസിടി ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നുള്ള മാലിന്യമാണ് ശൂരനാട് സാമൂഹ്യാരോഗ്യകേന്ദ്രം വളപ്പില്‍ നിക്ഷേപിച്ചിത്. ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മുറികളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മരുന്ന് കുപ്പികള്‍, മാസ്കുകള്‍, ഗ്ലൗസുകള്‍ എന്നിവയാണ് യാതൊരു സുരക്ഷയുമില്ലാതെ ചാക്കില്‍ കെട്ടി തള്ളിയത്.
ആശുപത്രിയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് കുഴികള്‍ എടുത്തിട്ടുണ്ട്. ഇവിടെയാണ് കഴിഞ്ഞ രാത്രിയില്‍ പെട്ടി ആട്ടോയില്‍ എത്തിച്ച മാലിന്യം തള്ളിയത്. പഞ്ചായത്തധികൃതരുടെ അനുവാദത്തോടെയാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചതെന്നാണ് ചോദ്യം ചെയ്ത നാട്ടുകാരോട് പെട്ടിആട്ടോ ഡ്രൈവര്‍ പറഞ്ഞത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ഹാരീസിന്റെ സാന്നിധ്യത്തിലാണ് ലോഡ്ജില്‍ നിന്നും മാലിന്യം വണ്ടിയില്‍ കയറ്റിയത്. ഇന്നലെ രാത്രി പത്തോടെ ആശുപത്രി കെട്ടിടത്തിന് പിന്നിലെ കുഴിയില്‍ മാലിന്യം നിക്ഷേപിച്ച് കടന്നു കളയുന്നതിനിടെ സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. രാവിലെ ആയതോടെ തെരുവുനായ്ക്കള്‍ കുഴിയില്ക്കിടന്ന മാലിന്യം കടിച്ചെടുത്ത് ആശുപത്രിപരിസരത്ത് മുഴുവന്‍ കൊണ്ടിട്ടു. ഇതോടെ രോഗികളും നാട്ടുകാരും ആശങ്കയിലായി.
പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും എത്തിയതോടയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്ത ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി പുറത്തറിഞ്ഞത്. ഇതോടെ അധികൃതര്‍ കരിയില കൂട്ടിയിട്ട് മാലിന്യം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പകുതിയിലധികം മാലിന്യവും കുഴിയില്‍ തന്നെ കിടക്കുകയാണ്. ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാതെ ആശുപത്രിപരിസരത്ത് നിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത് സമിതി ശൂരനാട് സിഎച്ച്സിസിക്കു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ. ശ്രീകുമാര്‍, പ്രദീപ്കുമാര്‍, ജയചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: