തിരുവനന്തപുരം: പാര്‍ലമെന്ററി കാര്യമന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ എം എല്‍ എ സംഘം നടത്തിയ യുഎഇ സന്ദര്‍ശനവും സംശയത്തില്‍. പാര്‍ലമെന്റ് കാര്യം പഠിക്കാന്‍ എന്ന പേരിലാണ് പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശ പാര്ലമെന്റുകള് സന്ദര്‍ശിക്കാന്‍ പോയത്. ബ്രിട്ടനും യു എ ഇ യും ആയിരുന്നു സന്ദര്‍ശക പട്ടികയിലുള്ള രാജ്യങ്ങള്‍.
പാര്‍ലമെന്ററി സംവിധാനങ്ങള്‍ ഇല്ലാത്ത യുഎഇയിലേക്ക് പാര്‍ലമെന്റ് കാണാന്‍ മന്ത്രിയും സംഘവും എത്തുന്നതിനെ അംബാസിഡര്‍ നവദീപ് സൂരി എതിര്‍ത്തു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിറന്‍സ് ലഭിക്കാതെ വന്നു. യു എ ഇ യില്‍ പാര്‍ലമെന്റ് ഇല്ലാത്തതും യാത്രയക്ക് തീരുമാനിച്ച ദിവസങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അടഞ്ഞു കിടക്കുന്നതും ചൂണ്ടികാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
രണ്ടു തവണ സമീപിച്ചെങ്കിലും അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഡയസ്പോറയുടെ പരിപാടി തട്ടിക്കൂട്ടി അതില്‍ പങ്കെടുക്കാന്‍ എന്ന നിലയിലാണ് യു എ ഇയില്‍ എത്തിയത്. യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ചുക്കാന്‍ പിടിച്ചത് സ്വപ്ന സുരേഷ് ആയിരുന്നു. എ. പ്രദീപ്കുമാര്‍, വീണാ ജോര്‍ജ്ജ്, കെ. കൃഷ്ണന്‍കുട്ടി, ചിറ്റയം ഗോപകുമാര്‍, കെ ബി ഗണേഷ് കുമാര്‍, സണ്ണിജോസഫ്, എം ഉമ്മര്‍, വി പി സജീന്ദ്രന് എന്നിവരായിരുന്നു മന്ത്രി ക്കൊപ്പം ഉണ്ടായിരുന്ന എം എല്‍ എ മാര്‍.
2017 സെപ്റ്റമ്പര്‍ 19 ന് തിരുവനന്തപുരത്ത് നിന്ന് അബുദാബിയ്ക്ക് പോയ സംഘം തിരിച്ച് 28ന് അബുദാബിയില്‍ നിന്ന് കോഴിക്കോടാണ് എത്തിയത്.പാലക്കാട് പറളി മങ്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് യാത്രയുടെ കാര്യങ്ങള്‍ നോക്കിയത്. മന്ത്രി ബാലന് അടുത്ത ബന്ധമുള്ള സ്ഥാപനമാണിത്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ യാത്രയും കള്ളക്കടത്തിന് മറയായിരുന്നോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ രണ്ടു തവണ തടസ്സം പറഞ്ഞിട്ടും യു എ ഇ സന്ദര്‍ശിച്ചേ പറ്റു എന്നു വാശിപിടിച്ചതും തിരിച്ചുള്ള യാത്ര കോഴിക്കോടേയ്ക്ക് ആക്കിയതും സംശയത്തിന് ബലം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: