കേരളത്തിന്റെ അഭിമാനമായി മാറിയ ഒരു മെഡിക്കല്‍ കോളേജിന്റെ പിറവിക്കു പിന്നില്‍ ഒരു വ്യക്തിയുടെ ഇഛാശക്തിയുടെ മുദ്ര പതിഞ്ഞു കിടപ്പുണ്ടെന്നത് തികച്ചും ആഹ്ലാദദായകംതന്നെ. ആ പ്രയത്നത്തിന്റെ ചരിത്രം പിന്നീട് മറവിയുടെയോ അല്ലെങ്കില്‍ ബോധപൂര്‍വ്വമായ തമസ്ക്കരിക്കപ്പെടലിന്റെയോ നന്ദികേടായി ഇന്ന് തിരിച്ചറിയപ്പെടുകയാണ്. വാര്‍ത്തകള്‍ക്കു പിന്നാലെ പോകുമ്പോഴും സമുഹനന്മയ്ക്കായി തന്റെ കൈയൊപ്പുകൂടി വേണമെന്നാഗ്രഹിച്ച ഒരു പത്ര പ്രവര്‍ത്തകന്റെ അഭിലാഷമാണ് അതിലൂടെ പൂവണിഞ്ഞത്. അങ്ങനെ സ്വകാര്യ മേഖലയിലെ സംസ്ഥാനത്തെ ആദ്യമെഡിക്കല്‍ കോളേജിന്റെ പിറവിചരിത്രം, ആ ഒരു വ്യക്തിയുടെ ജീവിതവുമായി ചേര്‍ന്നു കിടക്കുന്നു. എന്‍.വി പ്രഭു എന്ന നാരായണ വെങ്കിടേശ്വര പ്രഭുവെന്ന പത്രപ്രവര്‍ത്തകന്റെ സ്വപ്നസാഫല്യം അങ്ങനെ ആരോഗ്യ മേഖലയുടെ നാള്‍വഴിയില്‍ ഇന്നും തിളങ്ങി നില്ക്കുന്ന വെളിച്ചമാണ്. അതിന്റെ പുനര്‍വായന വര്‍ത്തമാന കാലത്ത് സുമനസ്സുകള്‍ക്ക് നല്കുന്ന ഊര്‍ജം ചെറുതല്ല.
സര്‍ക്കാരില്‍ നിന്ന് ചില്ലിക്കാശു പോലും വാങ്ങാതെ പടുത്തുയര്‍ത്തിയതാണ് ആലപ്പുഴ തിരുമല ദേവസ്വം മെഡിക്കല്‍ കോളേജ് അംഗ സംഖ്യകൊണ്ട് പ്രബലമല്ലാതിരുന്ന ഒരു ചെറിയ സമുദായത്തിന്റെ പേരില്‍ ഉയര്‍ന്ന ആ കെട്ടിടം സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെ ഒന്നാകെ മാറ്റിമറിച്ചു. ഒപ്പം ഗൗഡസാരസ്വതരുടെ അഭിമാനവും വാനോളം ഉയര്‍ത്തി. പ്രബല സമുദായങ്ങളായ എന്‍എസ്എസിനും എസ്എന്‍ഡിപിക്കും സാധിക്കാത്ത കാര്യമാണ് കേവലന്യൂനപക്ഷമായ ഗൗഡസാരസ്വത സമുദായത്തിന് ഇതിലൂടെ കൈവന്നത്.
സുഹൃത്തിന്റെ മകന് എംബിബിഎസ് സീറ്റ് തേടി മണിപ്പാലില്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് എന്‍വിയുടെ മനസ്സില്‍ മെഡിക്കല്‍ കോളജ് എന്ന ആശയത്തിന് കാരണമായത്. ഒരു രുപാപോലും വെളിയില്‍ നിന്ന് പിരിക്കാതെ എങ്ങനെ ഈ വലിയ സ്വപ്നം സാക്ഷാല്‍ക്കാരിക്കാമെന്ന ചിന്തയും, ദുരനുഭവത്തിന്റെ നോവുമായിരുന്നു മടക്കയാത്രയില്‍ മനസ്സു നിറയെ. മടങ്ങി ആലപ്പുഴയില്‍ എത്തിയ അദ്ദേഹം നേരേ പോയത് പത്രപ്രവര്‍ത്തക സുഹൃത്തുക്കളുടെ അടുത്തേക്കായിരുന്നു. തന്റെ മനസ്സിലെ ആശയം അവരുമായി പങ്കുവച്ചു. അവര്‍ എല്ലാ പി
ന്തുണയും നല്കി. തുടര്‍ന്ന് തന്റെ വല്ല്യച്ഛനും തിരുമല ദേവസ്വം പ്രസിഡന്റ്കൂടിയായ നാഗേന്ദ്ര പ്രഭുവിന്റെ അടുക്കല്‍ എത്തി കൊങ്കിണി സമുദായം ദൗത്യം ഏറ്റെടുക്കണമെന്ന് ആവര്‍ത്തിച്ചു. ഇത്രയും ഭാരിച്ച ചെലവ് വഹിക്കാന്‍ സമുദായത്തിന് ത്രാണിയില്ലെന്ന് പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ സമുദായത്തിന്റെയും ദേവസ്വത്തിന്റെയും എല്ലാ ധാര്‍മിക പിന്തുണയും നാഗേന്ദ്ര പ്രഭു വാഗ്ദാനം ചെയ്തു.
സമുദായ പിന്തുണ കരുത്തായി
സമുദായത്തിന്റെയും ദേവസ്വത്തിന്റെയും സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് വ്യക്തമായതോടെ പണം കണ്ടെത്താനുള്ള മാര്‍ഗം തേടുകയായിരുന്നു അടുത്ത ലക്ഷ്യം. പത്ര സൂഹൃത്തുക്കളുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. നഗരത്തിലെ തന്റെ അടുപ്പക്കാരായ വ്യാപാരികളുമായും അദേഹം ആശയവിനിമയം നടത്തി. പല അഭിപ്രായങ്ങളും വന്നെങ്കിലും ഇതിനായി വെളിയില്‍ നിന്ന് പണം പിരിക്കേണ്ട എന്ന ഒറ്റ വാശിയിലായിരുന്നു പ്രഭു. കൊങ്കിണി സമുദായത്തിന്റെ പേരിലുള്ളതായിരിക്കണം സംസ്ഥാനത്തെ ആദ്യ സ്വകാര്യ മെഡിക്കല്‍ കോളജ് എന്നതില്‍ പ്രഭുവിന് നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ സുഹൃത്തുകൂടിയായ അന്തരിച്ച ജസ്റ്റീസ് വി.ആര്.കൃഷ്ണ അയ്യരുടെ ഉപദേശപ്രകാരം ക്യാപിറ്റേഷന്‍ ഫീസ് മുന്‍കൂറായി വാങ്ങി ക്ഷേത്രനടവരവായി കാണിച്ചു. പിന്നീട് കോളജിന്റെ ലീഗല്‍ അഡൈ്വസറായി കൃഷ്ണഅയ്യര്‍. കാപ്പിറ്റേഷന്‍ എന്ന ആശയത്തോട് ദേവസ്വവും യോജിച്ചു. തിരുമല ദേവസ്വം മെഡിക്കല്‍ കേളേജ് എന്ന് നാമകരണം ചെയ്യാനും തീരുമാനമായി.
സംസ്ഥാനത്തെ ആദ്യ സ്വകാര്യ മെഡിക്കല്‍ കോളേജിന് ആലപ്പുഴയിലെ പത്രപ്രവര്‍ത്തക യൂണിയന് പൂര്‍ണ പിന്തുണ നല്കി. പൗരപ്രമുഖരും എന്‍വിയുടെ പ്രവര്‍ത്തനത്തിന് കരുത്തേകി. ആലപ്പുഴ പത്രപ്രവര്‍ത്തക യൂണിയന് പ്രമേയം പാസ്സാക്കി. തുടര്‍ന്ന് പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ആവശ്യം സജീവമാക്കി നിര്‍ത്തി. പണമില്ലാതെ മെഡിക്കല്‍ കോളജ് പണിയാന്‍ ഇറങ്ങിയ പ്രഭുവിന് സമുദായത്തില്‍ നിന്ന് ധാരളം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അവയൊന്നും വകവയ്ക്കാതെ സധൈര്യം മുന്നോട്ട് പോകുകയായിരുന്നു.
അനുമതി എന്ന കടമ്പ
ദേവസ്വം പ്രസിഡന്റ് നാഗേന്ദ്ര പ്രഭു പ്രസിഡന്റായും എന്‍.വി പ്രഭു കണ്‍വീനറായും അന്‍പത്തിഒന്ന് അംഗ മെഡിക്കല്‍ കോളജ് കമ്മിറ്റി രുപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജ് എന്ന ആശയം പരിചിതമല്ലാതിരുന്ന കാലഘട്ടത്തില്‍ കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുക എന്നത് ഏറെ ശ്രമകരമായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് ആലപ്പുഴയ്ക്ക് ഒരു മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി. മുപ്പത്തി അഞ്ചു കിലോമീറ്റര്‍ അകലെ കോട്ടയത്ത് മെഡിക്കല്‍ കോളജ് ആശുപത്രി ഉള്ളപ്പോള്‍ എന്തിനാണ് ആലപ്പുഴക്ക് ഒരെണ്ണമെന്നായിരുന്നു പട്ടത്തിന്റെ ചോദ്യം. സര്‍ക്കാരിന്റെ ഖജനാവില്‍ ഇതിനുള്ള പണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പണം തങ്ങള്‍ കണ്ടെത്തിക്കൊള്ളാമെന്ന് നിവേദക സംഘം അറിയിച്ചെങ്കിലും അനുകൂല മറുപടി കിട്ടിയില്ല. പത്രപ്രവര്‍ത്തക-സൗഹൃദ-വ്യാപാരിബന്ധങ്ങള്‍ പരമാവധി ഉപയോഗിച്ചു അനുമതിക്കായുള്ള പ്രവര്‍ത്തനം തുടങ്ങി. ഒടുവില്‍ പട്ടം അനുമതി നല്‍കാമെന്ന് അറിയിച്ചു. പ്രഖ്യാപനം ആലപ്പുഴയില്‍ നടത്തണമെന്ന എന്‍വിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. 1961ലെ നെഹ്റു ട്രോഫി ജലമേളയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പട്ടം താണുപിള്ള ആലപ്പുഴയില്‍ സ്വാകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജ് നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചു. 1961 ആഗസ്റ്റ് 30ന് സര്‍ക്കാര്‍ അനുമതി പത്രം നല്കി.
പ്രവര്‍ത്തനം ശക്തമാക്കാന്‍ തിരുമല ദേവസ്വം മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ രുപീകരിച്ചു. നാഗേന്ദ്ര പ്രഭു ചെയര്‍മാനും എന്‍.വി പ്രഭു സെക്രട്ടറിയുമായാണ് കൗണ്‍സില്‍ നിലവില്‍ വന്നത്. ഒരു കോടിരൂപയുടെ ബഡ്ജറ്റ് തയ്യാറാക്കി സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങി.
സാമ്പത്തിക തകര്‍ച്ചയിലേക്ക്
മെഡിക്കല്‍ കോളജ് എന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിനുള്ള ശ്രമത്തിനിടെ കുടുംബത്തിന്റെ കാര്യം പലപ്പോഴും എന്‍വി മറന്നു. അതിനിടയില്‍ ഹിന്ദു പത്രത്തിലുണ്ടായിരുന്ന ജോലിയും നഷ്ടമായി. ‘ഹിന്ദു’വിന്റെ മാനേജ്മെന്റുമായി ഉണ്ടായ തൊഴില്‍ തര്‍ക്കമാണ് കാരണം. പിന്നീട് എക്കണോമിക്സ് ടൈംസിലും പിടിഐയിലും പ്രവര്‍ത്തിച്ചു. ദിവസവും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കുതന്നെ ധാരളം പണം ചെലവായി. മക്കളുടെ പഠനവും ഭക്ഷണവും എല്ലാം കണ്ടെത്തേണ്ട ചുമതല ഭാര്യ സരോജനി പ്രഭുവിന്റെ ചുമലിലായി. അവര്‍ പലപ്പോഴും വിഷമത്തിലായി. മെഡിക്കല്‍ കോളേജിന്റെ ആദ്യകാല ഓഫീസ് പ്രവര്‍ത്തിച്ചതും എന്‍വിയുടെ വീട്ടില്‍ ആയിരുന്നു. അന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് ശബളം ഒന്നും നല്‍കിയിരുന്നില്ല. കോളജ് തുടങ്ങുമ്പോള്‍ ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ജോലി ചെയ്തിരുന്ന നിരവധി പേര്‍ക്ക് ദിവസവും ഭക്ഷണം നല്‍കണമായിരുന്നു. ഭാര്യയുടെ സ്വര്‍ണമെല്ലാം ഒന്നൊന്നായി വിറ്റ് കാര്യങ്ങള്‍ നടത്തി. അവസാനം ദൈനദിനകാര്യങ്ങള്‍ക്ക് പോലും വിഷമം നേരിട്ടപ്പോള്‍ ഭാര്യ പറഞ്ഞു; ”ഇതൊന്ന് അവസാനിപ്പിച്ചുകൂടെ, കുട്ടികള്‍ പട്ടിണിയാകും.” എന്നാല്‍ ”എന്റെ അഞ്ചാമത്തെ കുട്ടിയാണ് മെഡിക്കല്‍ കോളജ്. അവസാനിപ്പിക്കാന്‍ എനിക്കാവില്ല” എന്നായിരുന്നു എന്‍വിയുടെ മറുപടി.
ഏഴായിരത്തിയഞ്ഞൂറ് രൂപ അടയ്ക്കുന്നവര്‍ക്ക് മെഡിക്കല്‍ പ്രവേശനം ഉറപ്പ് നല്‍കിയതോടെ വിദ്യാര്‍ത്ഥികള്‍ പണം നല്കി തുടങ്ങി. പണം വന്നതോടെ സ്ഥലമെടുപ്പും കെട്ടിട നിര്‍മ്മാണവും ആരംഭിച്ചു. നിരന്തര പ്രയത്നത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിച്ചതും സഹായകമായി. ഏകദേശം 110 ഏക്കര്‍ സ്ഥലമാണ് വണ്ടാനത്ത് വാങ്ങിയത്. ദേശീയപാത മുതല്‍ കടപ്പുറംവരെ. അഞ്ചു രൂപമുതല്‍ നൂറ് രൂപാവരെ നല്‍കിയാണ് സ്ഥലം വാങ്ങിയത.് ചിലര്‍ സൗജന്യമായും സ്ഥലം നല്കി. കെട്ടിട നിര്‍മ്മാണവും ആരംഭിച്ചു. എസ്ഡി കോളജിന്റെ കെട്ടിടത്തിലാണ് പ്രി-മെഡിക്കല്‍ ക്ലാസ് ആദ്യം പ്രവര്‍ത്തിച്ചത്. 1963 മാര്‍ച്ച് ആറിന് കോളജ് കെട്ടിടത്തിന് മുഖ്യമന്ത്രി ആര്. ശങ്കര്‍ തറക്കല്ലിട്ടു. യുദ്ധകാല അടിസ്ഥാനത്തില്‍ അഞ്ചു മാസംകൊണ്ടാണ് ആദ്യ കെട്ടിടം പണിതത്. ആ വര്‍ഷം ആഗസ്റ്റ് 17 ന് തന്നെ വണ്ടാനത്ത് പുതിയ കെട്ടിടത്തില്‍ അന്‍പത് വിദ്യാര്‍ത്ഥികളുമായി മെഡിക്കല്‍ കോളജ് തുടക്കം കുറിച്ചു. ആര്.ശങ്കര്‍ തന്നെയായിരുന്നു ഉദ്ഘാടകനും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.എന്‍.ജി പണ്ടാലയായിരുന്നു ആദ്യ പ്രിന്‍സിപ്പാള്‍. കോളജിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി 1965ല്‍ ടി.ഡി.മെഡിക്കല്‍ കോളജ് ട്രസ്റ്റ് എന്ന പേരില്‍ ഒന്‍പതംഗ പബ്ലിക് ട്രസ്റ്റ് രൂപീകരിച്ചു. ഇതിന്റെ മാനേജിങ് ട്രസ്റ്റിയും സെക്രട്ടറിയുമായിരുന്നു എന്‍വി.
എന്‍വിയുടെ സ്നേക്ക് ബോട്ട്
കോളേജിനുള്ള അനുമതി മുഖ്യമന്ത്രി പട്ടം താണുപിള്ള പ്രഖ്യപിച്ചതിന്റെ സന്തോഷത്തില്‍ എന്‍.വി പ്രഭു തയ്യാറാക്കിയ നെഹ്റു ട്രോഫി വാര്‍ത്തയിലൂടെ ലോകത്തിന് നല്‍കിയത് ഒരു പുതിയ വാക്കായിരുന്നു, സ്നേക്ക് ബോട്ട്. പിന്നെ അത് വിശ്വപ്രസിദ്ധമായി. പ്രമുഖ പത്രപ്രവര്‍ത്തകനായ തോമസ് ജേക്കബ് അനുസ്മരിച്ചത് പോലെ ”പ്രഭു തയ്യാറാക്കിയ നെഹ്റു ട്രോഫി വാര്‍ത്തയില്‍ പിന്നീട് ചരിത്രം സ്വന്തമാക്കിയ ഒരു പുതിയ വാക്കുണ്ടായിരുന്നു. സ്നേക്ക് ബോട്ട്. ജലനിരപ്പിലൂടെ ചുണ്ടന് വള്ളം പാമ്പിനെ പോലെ പു
ളഞ്ഞൊഴുകുന്നത് ഇംഗഌഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ പ്രഭു ഓര്‍ത്തുകാണില്ല രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ സ്വന്തം വള്ളം കളിയെ ഏറ്റവും സുന്ദരമായി താന്‍ ബ്രാന്‍ഡ് ചെയ്യുകയാണെന്ന്. ആ തര്‍ജിമ കൊണ്ടുതന്നെ പ്രഭു അനശ്വരനായി.”
ഡോ. എബ്രഹാം തയ്യില്‍
ആലപ്പുഴ മെഡിക്കല്‍ കോളജിന് അറിഞ്ഞോ അറിയാതെയോ താനാണ് നിമിത്തമായതെന്ന് ഡോ. എബ്രഹാം തയ്യില്‍ പറഞ്ഞു. താന്‍ ബിഎസ്സി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ അച്ഛന്റെ സുഹൃത്ത് ടി.എ.വര്‍ഗീസിന്റെ (കുടവാവച്ചന്‍) നിര്‍ദേശ പ്രകാരമാണ് എംബിബിഎസ് അഡ്മിഷന് വേണ്ടി എന്‍.വി പ്രഭുവിനെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെ ബന്ധുവാണ് മണിപ്പാല്‍ മെഡിക്കല്‍ കോളേജ് പ്രിന്സിപ്പാല് ഡോ. ടി.എം.എ. പൈ. അന്ന് ബിഎസ്സിക്ക് അന്‍പത് ശതമാനം മാര്‍ക്കുണ്ടെങ്കില്‍ മണിപ്പാലില്‍ കാപ്പിറ്റേഷന്‍ ഫീസ് 3000 രൂപ നല്കി പ്രവേശനം ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ മണിപ്പാലില്‍ പോയത്. അവിടെ ചെന്നപ്പോള്‍ പ്രവേശനം പൂര്‍ത്തിയായത്രേ. അടുത്ത വര്‍ഷത്തേക്ക് പണം അടയ്ക്കാന്‍ ഡോ. പൈ നിര്‍ദേശിച്ചു. ഇത് എന്‍വിക്ക് വേദന ഉണ്ടാക്കി. നേരത്തേ വിളിച്ച് പറഞ്ഞിട്ടും സീറ്റ് കിട്ടാത്തതില്‍ നാണക്കേടും വിഷമവും പ്രകടമാക്കിയശേഷമാണ് അദ്ദേഹം ഓഫീസില്‍ നിന്ന് ഇറങ്ങിയത്. ‘നോക്കൂ അപ്പച്ച (എബ്രഹാമിനെ അടുപ്പമുള്ളവര്‍ വിളിക്കുന്ന പേര്) ഇവിടെ പഠിക്കുന്നതില്‍ പകുതിയും മലയാളികളാണ്. നമ്മുക്കും കേരളത്തില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയാലോ?’ അന്ന് അതിനെ അപ്പോഴത്തെ ക്ഷേഭത്തില്‍ നിന്നുണ്ടായ വെറും വാക്കായിട്ടാണ് തനിക്ക് തോന്നിയത്. 1967 മണിപ്പാലില്‍ നിന്ന് എംബിബിഎസ് പാസ്സായി ഞാന്‍ തിരിച്ചെത്തിയപ്പോള്‍ കാണുന്നത് എന്‍വി പറഞ്ഞത് പോലെ ആലപ്പുഴയില്‍ സമുദായത്തിന്റെ പേരില്‍ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചതാണ്. തിരികെ എത്തിയ തനിക്ക് ടിഡി മെഡിക്കല്‍ കോളജില്‍ റജിസ്ട്രാറായി ജോലിയും ലഭിച്ചു. കൊട്ടാരം ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. സര്‍ജറി വകുപ്പിലെ അസോ. പ്രൊഫസറായിട്ടാണ് പെന്ഷന് പറ്റിയത്. എന്‍വിയുടെ കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥതയും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ഡോ.തയ്യില്‍ പറഞ്ഞു.
ഡോ. പി. കുര്യന് വര്‍ഗീസ്
മെഡിക്കല്‍ കോളേജ് സ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി തവണ എന്‍. വി. പ്രഭു, അമ്മാവന്‍കൂടിയായ ടി.വി. തോമസിനെ കാണാന്‍ വന്നിരുന്നതായി തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് ഡോ. പി. കുര്യന് വര്‍ഗീസ് പറയുന്നു. താന്‍ പഠിക്കുന്ന കാലത്താണ് വിദ്യാര്‍ഥികള്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തത്. 1967 ല്‍ സര്‍ക്കാര്‍ കോളജ് ഏറ്റെടുക്കുകയായിരുന്നു. ദേവസ്വക്കാര്‍ക്കും കോളജ് നിലനിര്‍ത്തണമെന്ന് വലിയ താല്‍പ്പര്യമില്ലായിരുന്നു. എന്‍വി മാത്രമാണ് അവസാനംവരെ അതിനെ എതിര്‍ത്തത്. ഏക ശബ്ദമായി മാറിയ അദ്ദേഹത്തിന് ആരും അന്ന് ചെവികൊടുത്തില്ല. കോളജ് സര്‍ക്കാരിലേക്ക് പോകുന്നതില്‍ വേദനിക്കാന്‍ ഒരു മനസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതാണ് ആ സമുദായത്തിന് പറ്റിയ ഏറ്റവും വലിയ വീഴ്ചയും, കുര്യന് പറഞ്ഞു.
എം. കുമാരസ്വാമി പിള്ള
ആലപ്പുഴയ്ക്ക് ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി രാപ്പകലില്ലാതെ കഷ്ടപ്പെട്ട എന്‍.വി പ്രഭുവിനെ എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് ഏജന്‍സി റിട്ട.ഡെപ്യുട്ടി ഡയറക്ടറായിരുന്ന സുഹൃത്തുകൂടിയായ എം.കുമാരസ്വാമിപിള്ള ഇന്നും ഓര്‍ക്കുന്നു. പത്ര പ്രവര്ത്തകന് കൂടിയായ എന്‍വിക്ക് രാഷ്ട്രീയ നേതാക്കളുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള, ഉപമുഖ്യമന്ത്രിയായിരുന്ന ആര്. ശങ്കര്‍, ആരോഗ്യമന്ത്രിയായിരുന്ന വി.കെ വേലപ്പന്, ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ഈ അടുപ്പം പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ എന്‍.വി വിജയിച്ചു.
സ്വകാര്യ മെഡിക്കല്‍ കോളേജായിരുന്നെങ്കിലും മാതൃകാപരമായാണ് പ്രവര്‍ത്തിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ കഴിയാതെ 1967ല്‍ അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാരിനെ താല്‍ക്കാലികമായി ഏല്‍പ്പിക്കുകയായിരുന്നു.
1972 ല്‍ നാല്പത് ലക്ഷം രൂപാ സര്‍ക്കാരിന് ചെലവായിട്ടുണ്ടെന്നും, ആ തുക അടച്ചതിന് ശേഷം ടിഡിഎംസി ട്രസ്റ്റ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കണമെന്നും കാണിച്ച് സര്‍ക്കാര്‍ ട്രസ്റ്റിന് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്ക് വ്യക്തമാക്കണമെന്ന് കാണിച്ച് ട്രസ്റ്റ് മറുപടി അയച്ചെങ്കിലും 15 ദിവസത്തെ നോട്ടീസ് സമയത്തിനുള്ളില്‍ പണം അടക്കാതിരുന്നതിന്റെ പേരില്‍ കോളേജ് ഏകപക്ഷീയമായി സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റുകയായിരുന്നുവെന്ന് തുടക്കംമുതല്‍ ഇവിടെ ജോലി ചെയ്തിരുന്ന കാന്തകുമാറും രാജാനന്ദ വാധ്യാരും പഴയക്കാല ചരിത്രം ഇന്നലത്തെ പോലെ ഓര്‍ത്തെടുക്കുന്നു. എന്‍വി നടത്തിയ പ്രയത്നമാണ് സമുദായത്തിന് എന്നും അഭിമാനിക്കാവുന്ന തരത്തില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. പക്ഷേ അത് നിലനിര്‍ത്താന്‍ പിന്നീട് സമുദായത്തിന് കഴിയാത്തതില്‍ ഇരുവരും ദുഃഖം പ്രകടിപ്പിച്ചു. എന്‍.വി.പ്രഭുവിന്റെ താല്‍പ്പര്യ പ്രകാരം കുടുംബ ട്രസ്റ്റായ പത്മനാരായണപ്രഭു ട്രസ്റ്റ് സമുദായത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ പഠന സഹായം നല്‍കുന്നുണ്ട്. മക്കളായ ഡോ.ഷീല, ലതാ ഷേണായി, വി. രാമചന്ദ്രപ്രഭു, വി.ഗിരീഷ്പ്രഭു എന്നിവരുടെ ഓര്‍മകളില്‍ എന്‍വി എന്നും നിറഞ്ഞുനില്ക്കുന്നു.
നിരുപാധിക പിന്‍വാങ്ങല്‍
സംസ്ഥാനത്തിന് മാതൃകയായി സ്വകാര്യമേഖലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ച് പ്രതിസന്ധി ഉണ്ടായപ്പോള്‍ തല്‍ക്കാലത്തേക്ക് സര്‍ക്കാരിന് സമര്‍പ്പിച്ച ഗൗഡസാരസ്വത സമുദായത്തെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. സമുദായത്തിന്റെ അനൈക്യമായിരുന്നു ഇതിന് കാരണമായത്. കെട്ടുറപ്പില്ലാത്ത സമുദായത്തില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവില്ലെന്ന് സര്‍ക്കാരിന് നല്ല ബോധ്യം ഉണ്ടായിരുന്നു. കോളജ് തിരികെ സമുദായത്തിന് ലഭിക്കുന്നതിനായി നിയമ പോരാട്ടത്തിലായിരുന്നു മരണംവരെയും എന്‍വി. 2008 ഫെബ്രുവരി 28 ന് എന്‍വി അന്തരിച്ചു. സമുദായത്തിലെ നിര്‍ധനരായവര്‍ക്ക് യാതോരു പരിഗണനയും സര്‍ക്കാര്‍ നല്‍കിയില്ല. ഇവിടെ ഒരുതൂപ്പ് ജോലിക്ക് പോലും ഈ സമുദായത്തെ പരിഗണിക്കുന്നില്ലയെന്നതും ദുഃഖകരമാണ്. സംഘടിത സമുദായങ്ങള്‍ക്കു മുന്നില്‍ ഓച്ചാനിച്ച് നില്ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ അവര്‍ ചോദിക്കുന്നതും ചോദിക്കാത്തതുമായ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുമ്പോള് ഗൗഡസാരസ്വത സമുദായത്തിലെ മിടുക്കന്മാരായ നിര്‍ദ്ധന കുട്ടികള്‍ക്ക് ഒരു സീറ്റ് പോലും നേടാനാകാത്തത് സമുദായത്തിന്റെ പിടിപ്പുകേടോ? സര്‍ക്കാരിന്റെ നന്ദികേടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: