ആത്മതത്ത്വ നിരൂപണം തുടരുന്നു
വിശോകഃ -ശോകമില്ലാത്തവനായിത്തീരുന്നു. ജ്ഞാനിക്ക് ഒരു തരത്തിലുള്ള ദുഃഖവും ബാധിക്കില്ല. ശരീരം മനസ്സ് ബുദ്ധി എന്നിവയാണ് ദുഃഖത്തിന് കാരണമാകുന്നത്. വ്രണത്തില്‍ നിന്ന് ചലമൊഴുകും പോലെയാണ് ഇവയില്‍ നിന്ന് ദുഃഖം ഉണ്ടാകുന്നത്. ഇവയ്ക്ക് അതീതമായാല്‍ പിന്നെ ദുഃഖം ഉണ്ടാകുകയില്ല. സുഖദുഃഖങ്ങള്‍ക്ക് അപ്പുറമാണ് ജ്ഞാനിയുടെ അവസ്ഥ.
ആനന്ദഘനഃ -ബ്രഹ്മ അനു അനുഭൂതി ആനന്ദത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ്. ആനന്ദക്കട്ട എന്ന് തന്നെ പറയാം. നിറഞ്ഞ ആനന്ദം തന്നെ. ആനന്ദമല്ലാതെ ഒരു തരിമ്പു പോലുമില്ല. ജാഗ്രത്തിലും സ്വപ്നത്തിലും സാധാരണയായി എല്ലാവര്ക്കും സുഖദുഃഖ അനുഭവങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഉറക്കത്തിലോ മദ്യ ലഹരിയിലോ ബോധക്കേടു വരുമ്പോഴോ ദുഃഖം അറിയാറില്ല. പക്ഷേ അത് സുഖമോ ആനന്ദമോ അല്ല. എന്നാല്‍ ആത്മ സാക്ഷാത്കാരത്തില്‍ ദുഃഖങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല നിരന്തരമായ ആനന്ദത്തില്‍ മുഴുകിയിരിക്കുകയാവും. വിഷയാനന്ദത്തിന് പരിമിതിയുണ്ട് എന്നാല്‍ ആത്മാനന്ദം ഇടതടവില്ലാതെ ഒഴുകുന്നതാണ്. അത് ജ്ഞാനിക്ക് പരിപൂര്‍ണവും എന്നുമുള്ളതുമായ ആനന്ദാനുഭവമായിത്തീരുന്നു.
വിപശ്ചിത് -എല്ലാമറിയുന്നവന്. സര്‍വജ്ഞനാണ് ആത്മാവ്. ആത്മജ്ഞാനിയും അങ്ങനെ തന്നെ. ഏതൊന്നിനെ അറിഞ്ഞാലാണോ ഇനി മറ്റൊന്നും അറിയാന്‍ ഇല്ലാത്തത് അത് നേടിയവനാണ് ആത്മജ്ഞാനി. അവനവനെക്കുറിച്ചുള്ള അറിവ് തന്നെ ഏറ്റവും വലുത്. ശാരീരികമായ തോ ലൗകികമായതോ ആയിട്ടുള്ള പരിമിതമായ ഒന്നല്ല അത്.
ആത്മസ്വരൂപമായ തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ല എന്ന് ബോധ്യമായ ജ്ഞാനിയ്ക്ക് ഭയമേ ഉണ്ടാകില്ല. രണ്ടെന്ന തോന്നലാണ് ഭയമുണ്ടാക്കുന്നത്. ഞാനല്ലാതെ മറ്റൊന്നും ഇല്ലെങ്കില്‍ പിന്നെ ഏതിനെ ഭയക്കണം. ശാരീരികവും മാനസികവും ബൗദ്ധികവുമായ തലങ്ങളെ മറികടക്കുന്ന ജ്ഞാനിയ്ക്ക് അവയുമായി ബന്ധപ്പെട്ട ഒന്നും ആശങ്കയെ ഉണ്ടാക്കുന്നതല്ല. ഇഷ്ടപ്പെട്ട വസ്തുക്കള്‍, ആളുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഭയവും ആശങ്കയുമൊക്ക ഉണ്ടാകുന്നത്. മരണഭയമാണ് ഏറ്റവും വലിയ ഭയം. മരണത്തിനപ്പുറം കടന്നവരെ മരണത്തിന് ഭയപ്പെടുത്താനാവില്ല. ദേഹാഭിമാനം ഉള്ളവര്‍ക്കാണ് ശരീരം നശിക്കുമല്ലോ എന്നോര്‍ത്ത് ഭയമുണ്ടാകുന്നത്.
സ്വതത്ത്വാവഗമം -അവനവന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയല്‍. ഞാന്‍ ശരീരമാണ് എന്ന് കരുതുന്നതാണ് ഏറ്റവും വലിയ പരിമിതിയും ബന്ധനവും. ഇത് അജ്ഞാനം കൊണ്ട് വന്ന് പെട്ടതാണ്. ഇതിനെ പൊട്ടിച്ചെറിയാന്‍ അറിവ് നേടുക തന്നെ വേണം. മോക്ഷത്തെ ആഗ്രഹിക്കുന്നവര്‍ക്ക് സംസാരബന്ധനത്തെ മറികടക്കാന്‍ ഇതല്ലാതെ മറ്റു വഴികളൊന്നുമില്ല.
ഈ മൂന്ന് ശ്ലോകങ്ങളിലായി ആത്മാവിന്റെ സ്വരൂപത്തെ വിവരിച്ച ശേഷം അത് തന്നെയാണ് തന്റെ യഥാര്‍ത്ഥ സ്വരൂപമെന്ന് തിരിച്ചറിയണം എന്ന് വ്യക്തമാക്കുന്നു. പരിമിതമായതില്‍ നിന്ന് അപരിമേയമായതിലേക്ക് നാം എത്തണം. വാസ്തവത്തില്‍ നാം അത് തന്നെയാണെങ്കിലും ആനയ്ക്ക് ആനയുടെ വലിപ്പമറിയാത്തതാണ് കുഴപ്പം. നമ്മുടെ യഥാര്‍ത്ഥ സ്വരൂപമായ ആത്മതത്ത്വത്തെ, പരമാനന്ദാനുഭവത്തെ നേടുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: