കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് പിന്നാലെ എന്‍ഐഎയും പോലീസിനെ പൂര്‍ണമായും ഒഴിവാക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുടെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ഐഎയുടെ അന്വേഷണവും. സ്വപ്ന സുരേഷിന് ഒളിത്താവളം ഒരുക്കിയത് പോലീസാണെന്ന സംശയം എന്‍ഐഎയ്ക്ക് ഉണ്ട്. മുന്‍ എന്‍ഐഎ മേധാവി കൂടിയായ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് സ്വപ്ന സുരേഷുമായുള്ള ബന്ധത്തെകുറിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതും അന്വേഷിച്ചേക്കും.
മേഖല തിരിച്ചുള്ള അന്വേഷണത്തിന് പ്രത്യേകം സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കൊച്ചിയ്ക്ക് പുറമേ എന്‍ഐഎയുടെ ചെന്നൈ യൂണിറ്റിനെയും അന്വേഷണത്തില്‍ പങ്കെടുപ്പിച്ചേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അന്വേഷണ പുരോഗതി നേരിട്ടാണ് വിലയിരുത്തുന്നത്.
സംസ്ഥാനത്തെ ചില മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന. കേസില്‍ ഇവര്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ തുടക്കത്തില്‍ തന്നെ എന്‍ഐഎ ഭീകര ബന്ധം സംശയിച്ചിരുന്നു. അതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരിച്ചിരുന്നു. ഉന്നത രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധങ്ങള്‍ ഉള്ളതിനാല്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം നടപടിയിലേക്ക് കടക്കാനാണ് എന്‍ഐഎ പദ്ധതി. സ്വപ്
ന സുരേഷിനെ കണ്ടെത്തുന്നതിനൊപ്പം അവര്‍ക്ക് സഹായം നല്കിയ എല്ലാവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് തീരുമാനം. സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏത് ഉന്നത രാഷ്ട്രീയ നേതാവാണെങ്കിലും നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. പ്രധാനമായും കേരളത്തിലേക്ക് എത്തിക്കുന്ന സ്വര്‍ണം ആരാണ് കൈപ്പറ്റുന്നത്, അത് എന്ത് ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള എല്ലാ കള്ളക്കടത്തുകളും ഇതോടെ അന്വേഷണ പരിധിയില്‍ വരും. കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റാഷിദ് കേരളത്തിലേക്ക് അയച്ച പല ശബ്ദസന്ദേശങ്ങളിലും ജിഹാദിന് പണം കണ്ടെത്താനുള്ള വഴികള്‍ കണ്ടുപിടിക്കണമെന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവരെ കുറിച്ചും അവരുടെ സൗഹൃദങ്ങളെക്കുറിച്ചും അന്വേഷണം നടത്തും.
കള്ളനോട്ട് കേസുകളും അന്വേഷണ പരിധിയില്‍
കോട്ടയം: സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കള്ളനോട്ട്, ഐഎസ് റിക്രൂട്ടുമെന്റ് കേസുകളെല്ലാം വീണ്ടും ചികയാന്‍ എന്‍ഐഎ. 2013 ജൂണ്‍ മുതല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസുകളെല്ലാം സ്വര്‍ണക്കടത്തിന്റെ ഭാഗമായി വീണ്ടും അന്വേഷണ പരിധിയില്‍ വന്നിരിക്കുകയാണ്. 2013 കാസര്‍കോട് രജിസ്റ്റര്‍ അഞ്ച്, 2014ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ചുള്ളതും 2018ലെ തൃശൂര്‍ കള്ളനോട്ട് കേസുകളും വീണ്ടും അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ട്. ഇത് കൂടാതെ കാസര്‍കോട്, പാലക്കാട്, പറവൂര്‍, പാലക്കാട്, 2019ല്‍ കേരളവും തമിഴ്നാടും കേന്ദ്രീകരിച്ചുള്ള ഐഎസ് കേസുകളില്‍പ്പെട്ടവര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ചും എന്‍ഐഎയുടെ പ്രത്യേക സംഘം അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: