കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരേ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ആസൂത്രിത ആക്രമണം. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് വാഹനങ്ങള്‍ പോലും അനുവദിച്ചില്ല.
ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ലിബിന് ഭാസ്ക്കര്‍, ഹരിപ്രസാദ് രാജ, ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ മിഥുന് മോഹന്‍, പി. സ്വരൂഹ്, ജില്ലാ ട്രഷറര്‍ പി. വിപിന്‍ ചന്ദ്രന്, വിവിധ മണ്ഡലം ഭാരവാഹികളായ വൈഷ്ണവേഷ്, ആനന്ദ് കൃഷ്ണന്, അഖില്‍, അഡ്വ. പി.കെ. പ്രവീണ്‍, വി.പി. നിഖില്‍, സി.പി. വിഷ്ണു, ജിഗേഷ്, കെ.ആര്. രാജേഷ്, യദുരാജ്, പ്രവീണ്‍ പുതുപ്പാടി, വിപിന്‍ ദാസ് കോടഞ്ചേരി എന്നിവര്‍ക്കും പോലീസ് അതിക്രമത്തില്‍ പരിക്കേറ്റു. സ്ഥലത്തെത്തിയ ബിജെപി ജില്ലാ സെക്രട്ടറി എം.സി. രാജീവ് കുമാര്‍, സംസ്ഥാനസമിതി അംഗം കെ. രജിനേഷ്ബാബു, പി.എം. ശ്യാമപ്രസാദ് എന്നിവര്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ചത്.
സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.ആര്. ദിനേശ്കുമാര്‍, അമൃത ടിവി ക്യാമറാമാന് ടി. സുനില്‍ കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു. പോലീസിന്റെ ഗ്രനേഡ് ഏറിലാണ് മംഗളം ഫോട്ടോഗ്രാഫര്‍ രാജേഷ് മേനോന് പരിക്കേറ്റത്.
രാവിലെ ആദ്യം മാര്‍ച്ച് നടത്തിയത് യൂത്ത്ലീഗ് പ്രവര്‍ത്തകരാണ്. മാര്‍ച്ച് തടഞ്ഞയുടന്‍ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെയുണ്ടായ കല്ലേറിലാണ് മലയാള മനോരമ ഫോട്ടോഗ്രാഫര്‍ അബു ഹാഷിമിന് പരിക്കേറ്റത്. മാവൂര്‍ സിഐ അശോകന്, ചേവായൂര്‍ എസ്ഐ അനില്‍കുമാര്‍, നടക്കാവ് എസ്ഐ കൈലാസ്നാഥ് എന്നിവര്‍ക്കും പരിക്കേറ്റു.
പ്രതിഷേധ മാര്‍ച്ചുകളെ നേരിടാന്‍ കനത്ത പോലീസ് സന്നാഹമാണ് കളക്ട്രേറ്റ് പരിസരത്ത് ഉണ്ടായിരുന്നത്. പ്രകോപനം പോലുമില്ലാതെ യുവാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കാന്‍ പോലീസിലെ ഒരു വിഭാഗം മത്സരിക്കുകയായിരുന്നു. നിലത്തു വീണു കിടന്ന പ്രവര്‍ത്തകരെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച പോലീസുകാരെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: