ആലപ്പുഴ : ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ ഒരു ഡോക്ടര്‍ അടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ഒരു ഗര്‍ഭിണി ആശുപത്രിയില്‍ ചികിത്സ തേടിതേടിയെത്തിയിരുന്നു. ഇവരില്‍നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് നിഗമനം.
രണ്ട് സ്റ്റാഫ് നഴ്സുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്, തെര്‍മല്‍ സ്കാനിങ് പരിശോധനകള്‍ നടത്തുന്ന ആശ പ്രവര്‍ത്തക എന്നിവര്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന.
സ്ഥിതി ഗുരുതരമായ പൊന്നാനിയില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
എറണാകുളത്തെ ആലുവയിലും പരിസരപ്രദേശങ്ങളിലും കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി സൂചന. ചെല്ലാനം , നൂറനാട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും രോഗവ്യാപനം കൂടുകയാണ്.മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ ഹാര്‍ബറുകളും നാളെ അടക്കും.
രോഗവ്യാപനം കൂടുതലെന്ന് കണ്ടെത്തിയ ക്ലസ്റ്ററുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ആരോഗ്യവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: