തൃശൂര്‍: കൊറോണ വ്യാപനത്തിന്റെ പേരില്‍ നിര്‍ത്തിവെച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹങ്ങള്‍ രോഗവ്യാപനം രൂക്ഷമായിരിക്കേ പുനരാരംഭിക്കുന്നതില്‍ ഭക്തര്‍ക്ക് ആശങ്ക. ദേവസ്വം ഭരണസമിതിയിലെ പടല പിണക്കങ്ങളാണ് തെറ്റായ തീരുമാനങ്ങള്‍ക്ക് പിന്നില്‍. ലോക്ഡൗണില്‍ നിര്‍ത്തിയ വിവാഹം നടത്തല്‍ 78-ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷം ജൂണ്‍ 5 മുതലാണ് ആരംഭിച്ചത്. സമൂഹ വ്യാപന ആശങ്കയുടെ പേരില്‍ ജൂണ്‍ 12ന് വിവാഹങ്ങള്‍ നിര്‍ത്തുകയും ചെയ്തു.
രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് കൂടിയാലോചനകളില്ലാതെ വീണ്ടും വിവാഹങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വിവാഹങ്ങള്‍ പുനരാരംഭിയ്ക്കണമെന്ന് ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ല. പുതിയ തീരുമാനത്തില്‍ ഭരണസമിതിയില്‍തന്നെ കടുത്ത ഭിന്നതയുണ്ട്. കൊറോണ വ്യാപനം സംസ്ഥാനത്ത് കുതിച്ചുയരുമ്പോള്‍, വിവിധയിടങ്ങളില്‍നിന്നും എത്തുന്നവരിലൂടെ സമൂഹവ്യാപനത്തിന് സാധ്യത വളരെ കൂടുതലാണെന്നിരിക്കെ അതുകണ്ടില്ലെന്ന് നടിച്ചാണ് ദേവസ്വം വീണ്ടും വിവാഹത്തിന് അനുമതി നല്‍കിയത്.
വിവാഹങ്ങള്‍ നിര്‍ത്തലാക്കിയ ജൂണ്‍ 12നേക്കാള്‍ ഭയാനകമായ സാഹചര്യത്തിലാണ് ജില്ലയും സംസ്ഥാനവും.ജാഗ്രത കുറവുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുപോലും ഗുരുവായൂര്‍ ദേവസ്വം ചെവിക്കൊള്ളാത്തതില്‍ ഭക്തജനങ്ങള്‍ അതൃപ്തരാണ്. രോഗവ്യാപനം ഇനിയും കൂടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കുന്നു.
ഇതിനിടയിലാണ് തിരക്കിട്ട് ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം തീരുമാനമെടുത്തിട്ടുള്ളത്. വിവാഹങ്ങള്‍ നിര്‍ത്തലാക്കിയതിന്റെ തൊട്ടടുത്ത ദിവസം 25ലേറെ വിവാഹങ്ങളായിരുന്നു ക്ഷേത്രത്തില്‍ ബുക്ക്ചെയ്തതിനുശേഷം നടത്താനാകാതെ പോയത്. എന്നാല്‍ വിവാഹത്തിന് അനുമതി നല്‍കിയെങ്കിലും ഇന്നലെ വിവാഹങ്ങളൊന്നുംതന്നെ നടന്നില്ല. ഇന്നലെ വൈകീട്ട് ബുക്കിങ്ങ് കൗണ്ടര്‍ അടയ്ക്കുമ്പോള്‍ ഇന്നത്തേയ്ക്ക് 11 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ നടത്താന്‍ തീരുമാനമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: