ഇടുക്കി: പൂര്‍ണ്ണമായും മല തുരന്ന് അതിനകത്ത് സ്ഥിതി ചെയ്യുന്ന ഇടുക്കി ജലവൈദ്യുത പദ്ധതി ഏഷ്യയിലെ തന്നെ ഇത്തരത്തിലെ ഏക നിര്‍മ്മാണമാണ്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ഒരുമിച്ചാണ് ഇടുക്കി സംഭരണി എന്ന് പറയുന്നത്. മൂന്ന് വീതം ജനറേറ്ററുകളോടെ 1976നും 1985ലുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്ത്. 1960ലാണ് പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ചെറുതോണിക്ക് സമീപത്തെ കുറവന്‍, കുറത്തി മലകളെ സംയോജിപ്പിച്ച് പെരിയാറിന് കുറുകെയും ഇതിന്റെ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം ചെറിയ തോട്ടിലൂടെ കുളമാവില്‍ എത്തിക്കും. കമാന ആകൃതിയിലുള്ള ഇടുക്കിയും, ഷട്ടറുള്ള ചെറുതോണി അണക്കെട്ടും അടുത്തടുത്താണെങ്കിലും കുളമാവ് ഡാം ഇവിടെ നിന്ന് 22.5 കിലോ മീറ്റര്‍ അകലെയാണ്.
കുളമാവ് ഡാമില്‍ നിന്നാണ് ബട്ടര്‍ഫ്ളൈ വാല്‍വ് വഴി നാടുകാണി മലനിരകള്‍ക്ക് താഴെയിരിക്കുന്ന മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തില്‍ വെള്ളമെത്തുന്നത്. കുളമാവില്‍ നിന്ന് 1.5 കിലോ മീറ്റര്‍ ദൂരം ചെറിയ ചെരുവില്‍ ഇതിനായി പാറ തുരന്നിട്ടുണ്ട്. ശേഷം 964 മീറ്റര്‍ ദൂരം കുത്തനെ പാറ തുരന്നാണ് ഇവിടെ നിന്ന് വെള്ളം ജനറേറ്റുകളില്‍ എത്തിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 640 ലിറ്റര്‍ മാത്രമാണ് ഇവിടെ ആവശ്യമായി വരുന്നത്. ഹൈ ഹെഡ് ജലവൈദ്യുത പദ്ധതിയെന്ന് ഇതിനെ പറയും.
2 സെക്ഷനുകളായുള്ള ജനറേറ്റുകളില്‍ വെള്ളം എത്തിക്കുന്നതിന് ഈ പാറ 2 തവണ സമാനമായി തുരന്നിട്ടുണ്ട്. ഓക്സിജന്റെ അളവ് പോലും കുറഞ്ഞ ഇവിടെ അതീവ ശ്രദ്ധയോടെ ഓരോ നിമിഷവും അപകടം മുന്നില്‍ കണ്ടാണ് ഉദ്യോഗസ്ഥര്‍ ജോലി നോക്കുന്നത്. ടണലുകള്‍ ഉപയോഗിക്കാത്ത നിര്‍മ്മാണത്തില്‍ പാറപൊട്ടിച്ച് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചാണ് വെള്ളമെത്തിക്കുന്നതിനുള്ള പാത നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വരുന്ന വെള്ളം വീണ്ടും മലങ്കര അണക്കെട്ടില്‍ സംഭരിച്ച് വൈദ്യുതി നിര്‍മ്മിക്കുന്നുണ്ട്.
കിളിവള്ളിത്തോട്ടിലൂടെ…
നിര്‍മ്മാണത്തിന്റെ ഭാഗമായി അന്ന് പദ്ധതി പ്രദേശത്ത് താമസിച്ചിരുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി അണക്കെട്ട് എന്നിവ അടുത്ത് അടുത്താണെങ്കിലും വൈദ്യുതി ഉത്പാദനം ഇവിടെ സാധ്യമല്ലാതെ വന്നതോടെയാണ് കുളമാവിലും അവിടെ നിന്ന് മൂലമറ്റത്തും വെള്ളമെത്തിക്കുന്നത്. ഇതിനായി മല തുരന്ന് വെള്ളം കൊണ്ടുപോയി അവിടെ ഭൂഗര്‍ഭ നിലയവും നിര്‍മ്മിച്ചു.
കിളിവള്ളിത്തോട്ടിലൂടെയാണ് കുളമാവില്‍ വെള്ളം എത്തിച്ചത്. ഇവിടെ കുളമാവ് ഡാമും നിര്‍മ്മിച്ച് വെള്ളം കെട്ടി നിര്‍ത്തി. ഈ മേഖലയില്‍ ഉണ്ടായിരുന്ന വൈരമണി എന്ന ഗ്രാമം ഇതോടെ ഇല്ലാതായി. ഇവര്‍ പിന്നീട് കീരിത്തോട്, വണ്ണപ്പുറം മേഖലകളിലേക്ക് ചേക്കേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: