കണ്ണൂര്‍: കൊവിഡ് ചികിത്സക്ക് കരുതല്‍ സംവിധാനമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ 700 കിടക്കകള്‍ സജ്ജമാക്കാന്‍ തീരുമാനം. മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രി ഉടമകളുടെയും ഐഎംഎ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സക്ക് ആവശ്യമായി വരുന്ന പക്ഷം വിട്ടുനല്‍കാന്‍ കഴിയുന്ന കിടക്കകളുടെയും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളുടെയും പട്ടിക തയ്യാറാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ജില്ലാ കലക്ടര്‍ക്ക് ഒരാഴ്ചക്കകം നല്‍കണം.
നിലവില്‍ ജില്ലയില്‍ സര്‍ക്കാര്‍ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാല് ആശുപത്രികളിലായി 984 കിടക്കകളാണ് ഉള്ളതെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. ഇതിനുപുറമെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളും സജ്ജമാക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടാമെന്നാണ് നിഗമനം. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനം മാത്രം മതിയാകില്ല. സ്വകാര്യ ആശുപത്രികളുടെ സഹകരണവും പിന്തുണയും കൂടി ആവശ്യമായി വരും. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ ആവശ്യമായി വരും. സ്വകാര്യ ആശുപത്രികള്‍ പ്രത്യേക ബ്ലോക്കോ പ്രത്യേക നിലകളോ കൊവിഡ് ചികിത്സക്ക്ായി മാറ്റിവെക്കുന്ന രീതിയില്‍ ആലോചിക്കണം. അതിനുള്ള മുന്നൊരുക്കവും സ്വകാര്യ ആശുപത്രികള്‍ കൈക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ തങ്ങളുടേതായ പങ്കാളിത്തം വഹിക്കാന്‍ സ്വകാര്യ ആശുപത്രികളും ഐഎംഎയും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ചികിത്സക്കും വ്യാപനം തടയുന്നതിനും മികച്ച രീതിയിലാണ് സര്‍ക്കാര്‍ ആശുപത്രികളും മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിച്ചു വരുന്നതെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. എന്നാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായാല്‍ സര്‍ക്കാര്‍ സംവിധാനം മാത്രം തികയാതെ വരും. ഈ സ്ഥിതി വിശേഷം മുന്നില്‍ കണ്ട് സ്വകാര്യ മേഖല ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ .വി .സുമേഷ്, ജില്ലാ കലക്ടര്‍ ടി .വി .സുഭാഷ്, സബ് കലക്ടര്‍ എസ് ഇലാക്യ, അസി. കലക്ടര്‍ ശ്രീലക്ഷ്മി, എഡിഎം ഇ. പി .മേഴ്സി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക്ക്, ഡോ. ബി. സന്തോഷ്, സ്വകാര്യ ആശുപത്രി ഉടമകള്‍, ഐഎംഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: