ന്യൂദല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ മധ്യപ്രദേശിലെ റീവ അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഈ പതിറ്റാണ്ടില്‍ ശുദ്ധവും ശുചിത്വപൂര്‍ണവുമായ ഊര്‍ജത്തിന്റെ പ്രധാന കേന്ദ്രമായി മേഖലയെ മുഴുവന്‍ മാറ്റാന്‍ റീവ പദ്ധതിക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.നീമച്ച്, ശാജാപൂര്‍, ഛതര്‍പൂര്‍, ഓംകാരേശ്വര്‍ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള വലിയ പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍, സമീപഭാവിയില്‍ മധ്യപ്രദേശ് ഇന്ത്യയിലെ സൗരോര്‍ജ്ജത്തിന്റെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, ഗിരിവര്‍ഗക്കാര്‍, മധ്യപ്രദേശിലെ കര്‍ഷകര്‍ എന്നിവരാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രധാന മാധ്യമം സൗരോര്ജ്ജമാകും. സൗരോര്‍ജ്ജം’ഉറപ്പുള്ളതും ശുദ്ധവും സുരക്ഷിതവും’ ആണ്. സൂര്യനില്‍ നിന്നുള്ള നിലയ്ക്കാത്ത ഊര്‍ജ്ജപ്രവാഹമുള്ളതിനാലാണ് ഇത് ഉറപ്പുള്ളതാകുന്നത്. ശുദ്ധമാകുന്നത് പരിസ്ഥിതി സൗഹൃദം എന്നതിനാലാണ്. ഊര്‍ജാവശ്യങ്ങള്‍ക്കുള്ള സുരക്ഷിതമായ ഉറവിടമാണ് എന്നതിനാലാണ് സുരക്ഷിതമാകുന്നത്. സൗരോര്‍ജ്ജ പദ്ധതികള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ (സ്വയംപര്യാപ്ത ഇന്ത്യ) യഥാര്‍ത്ഥ മാതൃകകളാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
സ്വയംപര്യാപ്തതയുടെയും പുരോഗതിയുടെയും പ്രധാന ഘടകമാണ് സമ്പദ്വ്യവസ്ഥ. സമ്പദ്വ്യവസ്ഥയിലാണോ പരിസ്ഥിതിശാസ്ത്രത്തിലാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നത് പതിവു പ്രതിസന്ധിയാണ്. സൗരോര്‍ജപദ്ധതികളിലും മറ്റു പരിസ്ഥിതി സൗഹൃദ നടപടികളിലും ശ്രദ്ധ ചെലുത്തിയാണ് ഇത്തരം പ്രതിസന്ധികള്‍ ഇന്ത്യ പരിഹരിച്ചത്. സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകമാണ്.പരിസ്ഥിതിയുടെ സംരക്ഷണം ഏതാനും പദ്ധതികളില്‍ മാത്രമായി ഒതുക്കാവുന്നതല്ല, മറിച്ച് അത് മുന്നോട്ടുള്ള ജീവിതത്തിന്റെ പാതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗത്തിനു സാധ്യമായ ഊര്ജ്ജസ്രോതസുകള് കേന്ദ്രീകരിച്ചുള്ള വലിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കുമ്പോള്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധമായ ഊര്‍ജത്തിലേയ്ക്കുള്ള നിശ്ചയദാര്‍ഢ്യം കാണാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും, ഓരോ പൗരനും അതിന്റെ നേട്ടങ്ങള്‍ ലഭ്യമാക്കുമെന്ന് ഗവണ്മെന്റ് ഉറപ്പാക്കുന്നുണ്ട്. എല്‍ഇഡി ബള്‍ബുകള്‍ അവതരിപ്പിച്ചപ്പോള്‍ അതെങ്ങനെയാണ് വൈദ്യുതി ബില്‍ കുറച്ചത് എന്ന ഉദാഹരണം സൂചിപ്പിച്ച് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചു. 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പരിസ്ഥിതിയില്‍ കലരുന്നത് തടയാന്‍ എല്‍ഇഡി ബള്ബുകള്ക്കു കഴിയുന്നു. ഇത് വൈദ്യുത ഉപഭോഗം 6 ബില്യണ്‍ യൂണിറ്റായി കുറച്ചതായും രാജ്യത്തിന് 24,000 കോടി രൂപ ലാഭമുണ്ടാക്കിയതായും നരേന്ദ്ര മോദി പറഞ്ഞു.
നമ്മുടെ പരിസ്ഥിതി, വായു, ജലം എന്നിവ ശുദ്ധമായി സംരക്ഷിക്കാന്‍ ഗവണ്മെന്റ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും, ഈ ചിന്ത സൗരോര്‍ജത്തെക്കുറിച്ചുള്ള നയത്തിലും തന്ത്രത്തിലും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യയുടെ മാതൃകാപരമായ പുരോഗതി ലോകത്തിന്റെയും പ്രധാന ശ്രദ്ധാകേന്ദ്രമാകുമെന്ന്. മോദി പറഞ്ഞു. ഇത്തരം നടപടികളിലൂടെ ശുദ്ധമായ ഊര്‍ജ്ജത്തിന്റെ ഏറ്റവും ആകര്‍ഷകമായ വിപണിയായി ഇന്ത്യ കണക്കാക്കപ്പെടും.
സൗരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ലോകത്തെയാകെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര സോളാര്‍ അലയന്‍സിനു (ഐ.എസ്.എ) രൂപംനല്‍കിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു ലോകം, ഒരു സൂര്യന്, ഒരു ഗ്രിഡ് എന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ കര്‍ഷകരും ഗവണ്മെന്റിന്റെ കുസും പദ്ധതി ഉപയോഗപ്പെടുത്തുമെന്നും അധിക വരുമാനമാര്‍ഗമായി അവരുടെ ഭൂമിയില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉടന്‍ തന്നെ ഇന്ത്യ ഒരു പ്രധാന ഊര്‍ജ്ജ കയറ്റുമതി രാജ്യമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍, ബാറ്ററി, സംഭരണം തുടങ്ങി സൗരോര്‍ജ നിലയങ്ങള്‍ക്ക് ആവശ്യമായ വിവിധ ഹാര്‍ഡെ്വെറുകളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: