തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യആസൂത്രകയെന്ന് കസ്റ്റംസ് കരുതുന്ന സ്വപ്ന സുരേഷ് ടിവി ചാനലിനു നല്കിയ ശബ്ദ സന്ദേശം സിപിഎമ്മിന്റെ ആസൂത്രണമെന്ന് വ്യക്തമാകുന്നു. സിപിഎം എഴുതിക്കൊടുത്തത് വായിച്ചു എന്നത് സ്വപ്നയുടെ സന്ദേശത്തിലുടനീളം വ്യക്തമാണ്. സ്വപ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതിനു പിന്നാലെയാണ് ശബ്ദ സന്ദേശവും പുറത്ത് വന്നത്.
കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ എന്നിവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല എന്നാണ് സ്വപ്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടു സൃഷ്ടിച്ച വിവാദമാണിത് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് അതു പോലെ തന്നെ ശബ്ദ സന്ദേശത്തിലും ആവര്‍ത്തിച്ചത് ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സംശയത്തിനു ബലം നല്കുന്നു.
ശബ്ദ സന്ദേശം ഇങ്ങനെ: എന്നെ യുഎഇ കോണ്‍സലേറ്റില്‍ നിന്ന് പിരിച്ചു വിട്ടിട്ടില്ല. ആരുമായും വഴി വിട്ട ബന്ധമില്ല. എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഇത് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിട്ടായിരുന്നു. ആശയ വിനിമയം നടത്തിയത് കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.
എല്ലാ രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങളേയും ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ല. ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന സ്വര്‍ണം അയച്ചത് ആര്? ആര്‍ക്കു വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് തെളിയിക്കണം. യഥാര്‍ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് അപ്പുറം ഈ സംഭവവുമായി ബന്ധമില്ല. ഒളിവില്‍ പോയത് ഭയം മൂലം.
മന്ത്രിമാരും പ്രതിപക്ഷ നേതാവും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങുകള്‍ ഔദ്യോഗിക ചടങ്ങുകളാണ്. കോണ്സലേറ്റിന്റെയടക്കം ഔദ്യോഗിക ചടങ്ങുകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ നടക്കുന്നത് നുണ പ്രചാരണങ്ങളാണ്. തന്റെ മകള്‍ എസ്എഫ്ഐ പ്രവര്‍ത്തകയാണെന്ന പ്രചാരണം നുണ. മകളെ ആക്ടിവിസ്റ്റായി പോലും ചിലര്‍ പ്രചരിപ്പിക്കുന്നു. മകള്‍ ആരെന്നു പോലും അറിയാതെയാണ് ചില മാധ്യമങ്ങളുടെ നുണ പ്രചാരണം നടത്തുന്നത്. എനിക്ക് രണ്ടു മക്കളും ഭര്‍ത്താവും അമ്മയുമുണ്ട്. ഇത്തരത്തില്‍ മാനഹാനിയുണ്ടായാല്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകും.
എയ്റോ സ്പെയിസിലെ ജീവനക്കാരിയായ താന്‍ എന്തിനാണ് യുഎഇ കോണ്‍സലിനു വേണ്ടി ജോലി ചെയ്യുന്നത് എന്ന ചോദ്യം ഉയരുന്നു. താന്‍ ജനിച്ചതും വളര്‍ന്നതും യുഎഇയിലാണ്. ഈ രാജ്യവുമായി എനിക്ക് അഭേദ്യ ബന്ധമുണ്ട്. അതിനാലാണ് അവര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചത്. എനിക്ക് ഒരു ലക്ഷം രൂപ ശമ്പളം തന്നതിനെക്കുറിച്ചും ആരോപണം ഉയരുന്നു. എനിക്ക് കോണ്‍സുലേറ്റില്‍ രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടായിരുന്നു.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെക്കുറിച്ചോ ഒളിവിലുള്ള സന്ദീപ് നായരെക്കുറിച്ചോ ശബ്ദ സന്ദേശത്തില്‍ സ്വപ്ന ഒന്നും പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: