നാദാപുരം: ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പരിസ്ഥിതിലോല പ്രദേശത്തെ വനവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പദ്ധതിയില്‍ അപാകതയെന്ന് പരാതി.
കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലില്‍ വിലങ്ങാട് മലയോരത്തെ അടുപ്പില്‍ കോളനി പരിസരത്തെ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ശ്രമം നടത്തുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. റവന്യു, ട്രൈബല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘം കോളനിയിലെ വീടുകള്‍ സുരക്ഷിതമല്ലെന്നു കണ്ടെത്തിയിരുന്നു. ഇവരെ മാറ്റിതാമസിപ്പിക്കുന്നതിനായി ഭൂമി കണ്ടെത്താന്‍ റവന്യു വകുപ്പ്, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു. വിലങ്ങാട് ഭാഗത്തെ ചിറ്റാരി, വാളാം തോട്, കാവില്‍ ഭാഗം എന്നിവിടങ്ങളില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ശ്രമം നടത്തിയിരുന്നു.
വിലങ്ങാട് വാണിമേല്‍ പുഴയോരത്ത് പുറമ്പോക്കില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങളും വിലങ്ങാട് അടുപ്പില്‍ കോളനിയിലെ 62 പണിയ കുടുംബങ്ങളും ഉള്‍പ്പെടെ 64 കുടുംബങ്ങളാണ് ഉരുള്‍ പൊട്ടല്‍ ഭീഷണി നേരിടുന്നതായി കണ്ടത്തിയിട്ടുള്ളത്. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലക്ക് മാറ്റി പാര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. വീട് വെക്കാന്‍ ഭൂമി വാങ്ങുന്നതിനായി സര്‍ക്കാര്‍ അറു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. നാല് സെന്റ് ഭൂമി വാങ്ങി നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വനവാസി സമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ അഞ്ച് സെന്റ് ഭൂമി നല്കാന് തീരുമാനിച്ചു. വിലങ്ങാട് ഭാഗത്ത് റോഡ്, വൈദ്യുതി സൗകര്യമുള്ള സ്ഥലങ്ങളില്‍ പോലും ആറു ലക്ഷം രൂപക്ക് പത്ത് സെന്റിലധികം ഭൂമി ലഭിക്കുമെന്നിരിക്കെയാണ് അഞ്ച് സെന്റ് ഭൂമി നല്‍കാനുള്ള തീരുമാനം. വീട്ടുവളപ്പില്‍ കൃഷി, ആട്, പശു, കോഴി എന്നിവയുടെ പരിപാലനങ്ങളിലൂടെ ജീവിതോപാധി കണ്ടെത്താന്‍ പത്ത് സെന്റ് ഭൂമിയെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സര്‍ക്കാര്‍ അനുവദിച്ച ആറു ലക്ഷം രൂപ വിനിയോഗിച്ച് ഓരോ കുടുംബത്തിനും പത്ത് സെന്റ് ഭൂമി വീതം നല്‍കാനാവുമെന്ന് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: