മുഖ്യമന്ത്രീ, പുരുഷോത്തം ഭാദൊരയ്യ എന്ന കൃഷിക്കാരനെ താങ്കള്‍ക്ക് പരിചയമുണ്ടാകണമെന്നില്ല. മധ്യപ്രദേശ് , പത്താം ക്ലാസ് പരീക്ഷയില്‍ എട്ടാം റാങ്ക് നേടിയ രോശ്നി ഭാദൊരയ്യയുടെ അച്ഛനാണ് അദ്ദേഹം. എല്ലാ ദിവസവും 48 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ആ പെണ്‍കുട്ടി സ്കൂളില്‍ പോയിരുന്നത്. അവളുടെ വീട്ടില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ഒരു ഹൈസ്കൂള്‍. ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ അവളുടെ വീട്ടിലേക്ക് സഹായങ്ങളുടെ പ്രവാഹമായി.
എന്നാല്‍, പുരുഷോത്തം ഭാദൊരയ്യ അതെല്ലാം വിനയത്തോടെ നിരസിച്ചു. ആത്മാഭിമാനത്തോടെ ജീവിക്കേണ്ടതിന്റെ അനിവാര്യത താന്‍ തന്റെ മകളെ പഠിപ്പിച്ചിട്ടുണ്ട്. ദാനം സ്വീകരിച്ചാല്‍ അവള്‍ക്ക് അത് നഷ്ടപ്പെടും. സര്‍ക്കാര്‍ നല്കുന്ന വിഹിതമായ സഹായമല്ലാതെ മറ്റൊന്നും ഒരു കൃഷിക്കാരന് എന്ന നിലയില്‍ തനിക്ക് സ്വീകാര്യമല്ല. അന്തസ്സുറ്റ വാക്കുകള്‍!
മുഖ്യമന്ത്രി, അങ്ങ് വെറുക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതയാണിത്. ഈ സംസ്കാരം മനസിലാക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണ് അങ്ങയുടെ ആചാര്യനായ കാറല്‍ മാക്സിന് ഭാരതം പ്രാകൃത ജനതയുടെ ആവാസഭൂമിയാണെന്ന് കണ്ടെത്തേണ്ടി വന്നത്. ഉള്ളവനും ഇല്ലാത്തവനും മാത്രമല്ല, വേണ്ടാത്തവന് എന്ന ഒരു വിഭാഗം കൂടിയുണ്ടെന്ന് ലോകത്തിനു വെളിവാക്കിയ രാജ്യമാണ് ഭാരതം. പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് നടത്തുന്ന അണികളെയും നേതാക്കളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ നേതാവായ അങ്ങേയ്ക്കും ഇത് മനസിലാകണമെന്നില്ല.
ആര്‍ത്തിയാണ് അഭികാമ്യം എന്നു വിശ്വസിക്കുന്നവരുടെ അഭയസ്ഥാനമാണ് അങ്ങയുടെ പാര്‍ട്ടി. അങ്ങനെയാണ് ഉടുതുണിക്ക് മറുതുണിയില്ലാതെ പൊതുസേവനത്തിനു വരുന്നവര്‍ ആ പൊതുജീവിതം തന്നെ തൊഴിലായി സ്വീകരിച്ച് കുബേര രാജാക്കന്മാരായി വാഴുന്നത്. ഇത്തരക്കാര്‍ മറ്റുപാര്‍ട്ടികളിലും ഇല്ലേ എന്നാണ് മറുചോദ്യം. ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അവര്‍ക്കാര്‍ക്കും പുരുഷോത്തം ഭാദൊരയ്യയുടെ ആത്മാഭിമാനത്തിന്റെ രീതിശാസ്ത്രം അറിയില്ല എന്ന് മാത്രം.
ആര്‍ത്തിയുടെ ഇരയും വേട്ടക്കാരിയുമാണ്, മുഖ്യമന്ത്രി… അങ്ങേയ്ക്ക് പരിചയമുള്ള സ്വപ്ന സുരേഷ് എന്ന സ്വര്‍ണ്ണക്കടത്ത് നായിക. അവരെ പരിചയമില്ല എന്ന് മാത്രം പറയരുത്. ആ പരിപ്പ് ഇനി വേവില്ല. ഒരു സ്വപ്ന സുരേഷും അനുയായികളും വിചാരിച്ചാല്‍ കോടാനുകോടികളുടെ സ്വര്‍ണ്ണം നയതന്ത്ര കാര്യാലയത്തിലൂടെ, നയതന്ത്ര സുരക്ഷയുടെ മറവിലൂടെ കടത്താന്‍ കഴിയില്ലെന്ന് അങ്ങയെപ്പോലെ എല്ലാവര്ക്കും അറിയാം; കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണനോട് ചോദിക്കാവുന്നതാണ്.
അങ്ങ് പറയുന്നത്, നയതന്ത്ര കാര്യാലയവും വിമാനത്താവളവുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്; അവര്‍ അന്വേഷിക്കട്ടെ എന്നാണ്. അവര്‍ അന്വേഷിക്കുന്നത് കൊണ്ടാണ് പിടിക്കപ്പെട്ടത്. പക്ഷെ, മുഖ്യമന്ത്രീ, അങ്ങ് ഭരിക്കുന്ന സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ,വ്യവസായ,വ്യാപാരനേതാക്കള് ഇല്ലേ? അവര്‍ ആരൊക്ക എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം അങ്ങേയ്ക്ക് ഇല്ലേ? അങ്ങ് അതിനു തയ്യാറാകണം. തൊടുന്യായം പറഞ്ഞ് ഒഴിഞ്ഞു മാറരുത്.
ഡോ. കെ. എസ്. രാധാകൃഷ്ണന്
ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: