കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സരിത്തിനെ അന്വേഷത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ജൂലൈ 15 വരെയാണ് സരിത്തിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ശേഖരിക്കാനുണ്ട്. ഇതിനായി സരിത്തിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും തെളിവുകളും സരിത്ത് നശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ഇയാള്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ട്. ഇത് വീണ്ടെടുക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെയും സൈബര്‍ വിദഗ്ധരുടെയും സഹായം ആവശ്യമുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. അങ്കമാലിയിലെ കൊറോണ പരിശോധനാകേന്ദ്രത്തില്‍ പരിശോധന നടത്തി കോവിഡ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനു ശേഷമായിരുന്നു സരിത്തിനെ കോടതിയില്‍ ഹാജരാക്കിയത്.
അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രം നടപടികള്‍ ശക്തമാക്കി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നേരിട്ട് ഇടപെടുമെന്ന് സൂചന. യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായി ഇതുമായി ചര്‍ച്ച നടത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും.
പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വിഷയത്തെ ഗൗരവമായാണ് കണക്കാക്കുന്നത്. അമിത്ഷാ നേരിട്ട് ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്‍ഐഎ അന്വേഷണത്തിന്റെ സാധ്യതയും കേന്ദ്രം പരിശോധിക്കുന്നുണ്ട്. കേസിന്റെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും റോയും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: