തൃശൂര്‍: ചെറുതുരുത്തിയില്‍ അവിവാഹിതയായ യുവതിക്കുണ്ടായ കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ ആറ്റൂര്‍ എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അവിവാഹിതയായ പിജി വിദ്യാര്‍ത്ഥിനിയായ യുവതിയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടില്‍വെച്ച് പ്രസവിച്ചത്.
പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായ യുവതിയെ ആദ്യം ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കേളേജിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞ് മരിച്ച് പോയെന്ന വീട്ടുകാരുടെ മറുപടിയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ചെറുതുരുത്തി, ചേലക്കര സ്റ്റേഷനിലെ സിഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
യുവതിയുടെ വയറില്‍ നീര് കെട്ടിയതാണെന്നും ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയെന്നുമാണ് യുവതിയുടെ വിട്ടുകാര് നാട്ടുകാരോട് പറഞ്ഞിരുന്നത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൊണ്ട് മാത്രമാണ് സംഭവം പുറംലോകമറിഞ്ഞതെന്നും കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായും നാട്ടുകാര്‍ ആരോപിച്ചു. കുഞ്ഞ് മരിക്കാനിടയായതിനെ കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുവെന്ന് ചെറുതുരുത്തി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: