തൃശൂര്‍: രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതിനെ തുടര്‍ന്ന് നഗരം വീണ്ടും സജീവമാകുന്നു. ബുധനാഴ്ച രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലേക്ക് സ്വകാര്യ ബസുകള്‍ എത്താന്‍ തുടങ്ങിയതോടെ ശക്തന് ബസ് സ്റ്റാന്റ് സജീവമായി. കണ്ടെയ്മെന്റ് സോണായതു കാരണം ബസുകള്‍ നഗരാതിര്‍ത്തികളില്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. ഇക്കാരണത്താല്‍ നഗരത്തിലെത്താന്‍ കിലോ മീറ്ററുകള്‍ നടന്നിരുന്ന യാത്രക്കാര്‍ക്ക് സ്വരാജ് റൗണ്ടിലേക്ക് ഇന്നലെ മുതല്‍ ബസുകള്‍ പ്രവേശിക്കാന്‍ തുടങ്ങിയത് ആശ്വാസമായി.
ജൂണ്‍ 24ന് വൈകിട്ടാണ് കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി നഗരഹൃദയത്തോട് ചേര്‍ന്ന കോര്പ്പറേഷന് ഡിവിഷനുകളിലെല്ലാം നിയന്ത്രിത മേഖലയാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുന്നത്. കോര്‍പ്പറേഷനിലെ 10 ജീവനക്കാര്‍ക്ക് ഘട്ടംഘട്ടമായി കൊറോണ സ്ഥിരീകരിച്ച സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു നടപടി. ദിവസങ്ങള്‍ക്ക് ശേഷം പാട്ടുരായ്ക്കല്‍ ഡിവിഷനെ കണ്ടെയ്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തേക്കിന്‍കാട്,ഒളരി, കൊക്കാലെ ഡിവിഷനുകളും പിന്നീട് ഒഴിവാക്കി. ഇതോടെ നഗരം പാതി തുറന്ന അവസ്ഥയിലായിരുന്നെങ്കിലും സ്വകാര്യ ബസുകള്‍ റൗണ്ടിലേക്ക് അനുവദിക്കാത്തത് മൂലം സാധാരണക്കാര്‍ ദുരിതത്തിലായിരുന്നു.
തൃശൂരില്‍ ഏറ്റവും കൂടുതല്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ശക്തന് സ്റ്റാന്റ് കോര്പ്പറേഷന് പള്ളിക്കുളം ഡിവിഷനിലായതും ഈ ഡിവിഷന് കണ്ടെയ്മെന്റ് സോണായി തുടരുകയും ചെയ്തതാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. എന്നാല്‍ കെഎസ്ആര്‍ടിസി, ഓട്ടോ, സ്വകാര്യ വാഹനങ്ങള്‍ എന്നിവ റൗണ്ടില്‍ യഥേഷ്ടം സര്‍വ്വീസ് നടത്താന്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ വടക്കെ സ്റ്റാന്റിലേക്ക് ബസുകള്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും ശക്തനിലേക്ക് അനുമതി നല്‍കിയില്ല. ചൊവ്വാഴ്ച വൈകിട്ടോടെ പള്ളിക്കുളം ഡിവിഷനെ കൂടി കണ്ടെയ്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതോടെ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര് എത്തുന്ന ശക്തന് ബസ് സ്റ്റാന്റും വ്യാപാര കേന്ദ്രമായ ഹൈറോഡും സജീവമായി. കൊറോണ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തി തന്നെയാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: