തിരുവനന്തപുരം / കൊച്ചി: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ അടുത്ത സുഹൃത്ത് സന്ദീപ് നായരും മുഖ്യകണ്ണി. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സ്വപ്നയ്ക്കൊപ്പം സന്ദീപും ഒളിവിലാണ്.
സ്വപ്നയും സന്ദീപും ചേര്‍ന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ സൗമ്യയെ ചോദ്യം ചെയ്തപ്പോള്‍ കസ്റ്റംസിന് ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ട് എന്ന് സൗമ്യ കസ്റ്റംസിനോട് സമ്മതിച്ചു. 2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് സന്ദീപ് അറസ്റ്റിലായിരുന്നു. കസ്റ്റംസ് അന്ന് സന്ദീപ് നായരുടെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടികൂടി.
കേസിലെ ആസൂത്രകയായ സ്വപ്ന സുരേഷിന്റെ ബിനാമിയാണ് സന്ദീപ് നായര്‍. 2019 ഡിസംബറില്‍ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങളും സന്ദീപിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെയും സന്ദീപിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു. മാല മോഷണ കേസില്‍ ഉള്‍പ്പടെ പ്രതിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
സ്ഥിരമായി ദുബായ്യില് പോയി വരുമായിരുന്ന സന്ദീപ് ആഡംബര കാറുകള്‍ വാങ്ങി കൂട്ടുന്നതും പതിവായിരുന്നു. ഇത് സൂക്ഷിക്കാന്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്ത വര്‍ക്ക് ഷോപ്പായിരുന്നു സന്ദീപ് ഉപയോഗിച്ചത്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സരിത്ത് ആണ് സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ പങ്കും വെളിപ്പെടുത്തിയത് കേസില്‍ കസ്റ്റഡിയിലെടുക്കുന്ന രണ്ടാമത്തെ ആളാണ് സന്ദീപിന്റെ ഭാര്യ.
നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയതിന് സ്വപ്ന സഹായിച്ചിരുന്നോ എന്നറിയില്ല. സ്വപ്നയുമായി വളരെക്കാലമായി സൗഹൃദമുണ്ടെന്നും സൗമ്യ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് എറണാകുളം കസ്റ്റംസ് ഓഫീസിലെത്തിച്ച സൗമ്യയെ മൊഴിയെടുത്ത ശേഷം വൈകിട്ട് ആറിനു വിട്ടയച്ചു.
കേസില്‍ നേരത്തേ അറസ്റ്റിലായ സരിത്തിന്റെ അടുത്ത സുഹൃത്താണ് സന്ദീപ്. റിമാന്‍ഡില്‍ കഴിയുന്ന സരിത്തിനെ വിട്ടുകിട്ടാന്‍ കസ്റ്റംസ് കസ്റ്റഡി അപേക്ഷ നല്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
അങ്കമാലിയിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റിയ സരിത്തിനെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കി. ഫലം നെഗറ്റീവായാല്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസ് നീക്കം. സൗമ്യയെ ചോദ്യം ചെയ്യുന്നതിനിടെ സിബിഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി വിവരം ശേഖരിച്ചു.
പിടികൊടുക്കാതെ സ്വപ്ന
തിരുവനന്തപുരം: സ്വര്‍ണം കടത്തിയ കേസ് പുറത്തുവന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ആസൂത്രക സ്വപ്ന സുരേഷിനെ പിടികൂടാനാകാതെ അന്വേഷണ സംഘം. സ്വര്‍ണക്കടത്തിലെ തുടര്‍ന്നുള്ള കണ്ണികളെ കണ്ടെത്തണമെങ്കില്‍ സ്വപ്നയെ പിടികൂടണമെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം.
കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് സ്വപ്ന ഒളിവില്‍ താമസിക്കുന്നതെന്ന ആരോപണവും ശക്തമാണ്. സ്വപ്ന തലസ്ഥാനത്ത് നിന്നും കടക്കാന്‍ സാധ്യതയില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വപ്ന കീഴടങ്ങാന്‍ സാധ്യതയില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് ചൊവ്വാഴ്ച രാത്രി തലസ്ഥാനത്തെ മുന്തിയ ഹോട്ടലുകളിലും പോത്തന്‍കോടുള്ള ഒരു ആശ്രമത്തിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തിയത്.
സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി എന്നു കരുതുന്ന നെടുമങ്ങാട് സ്വദേശി സന്ദീപ് നായരും ഒളിവിലാണ്. ഇദ്ദേഹവും സ്വപ്നയും ഒരുമിച്ചാണോ ഒളിവില്‍ കഴിയുന്നതെന്നും സംശയിക്കുന്നുണ്ട്.
സന്ദീപ് നായര്‍ സിപിഎം പ്രാദേശിക നേതാവെന്ന് അമ്മ
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തെരയുന്ന സന്ദീപ് നായര്‍ സിപിഎം പ്രാദേശിക നേതാവെന്ന് വെളിപ്പെടുത്തി സന്ദീപിന്റെ അമ്മ ഉഷ. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തെരയുന്ന സന്ദീപിനും ഭാര്യ സൗമ്യക്കും സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും സന്ദീപിന്റെ അമ്മ വ്യക്തമാക്കി. സ്വപ്നയെ പരിചയമുണ്ട്. രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്.
സന്ദീപിന്റെ ഭാര്യ സൗമ്യക്കും സ്വപ്നയെ അറിയാം. സ്വര്‍ണക്കടത്തില്‍ ഒളിവില്‍ പോയ സന്ദീപ് സിപിഎം ബ്രാഞ്ച് നേതാവാണെന്നും അമ്മ വെളിപ്പെടുത്തി. സന്ദീപ് ബിജെപി പ്രവര്‍ത്തകനാണെന്ന തരത്തില്‍ ചില ചിത്രങ്ങള്‍ ഉപയോഗിച്ച് നുണപ്രചാരണം ചിലര്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: