തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്പ്പറേഷന് കീഴില്‍ പൂന്തുറയിലെ മൂന്ന് വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ തിരക്കേറിയ സാഹചര്യമാകും പൂന്തുറയിലെ കൊറോണ വ്യാപനത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടാതെ തീരദേശ മേഖല ആയതിനാല്‍ കന്യാകുമാരിയില്‍ നിന്ന് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തിയതിലൂടെയാകാം വലിയ രീതിയിലുള്ള കൊറോണ വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. കേരളത്തിലെ ആദ്യ സൂപ്പര്‍ സ്പ്രെഡ് മേഖലയുമായി മാറി പൂന്തുറ.
കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ഒരാളുടെ മാത്രം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് 120 പേരാണ്. 600 പേരെ പരിശോധിച്ചതില്‍ 119 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലെ 90 ശതമാനം കൊറോണ രോഗികള്‍ക്കും ഒരു ലക്ഷണവുമില്ല. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും തൊഴിലിനായി തമിഴ്നാട്ടിലെ പ്രദേശങ്ങളുമായി പുലര്‍ത്തിയ ബന്ധമാണ് തീരദേശ മേഖലയ്ക്ക് വിനയായത്. 4000ത്തിലധികം വയോധികര്‍ ഈ മേഖലയില്‍ മാത്രമുണ്ടെന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതില്‍ 200ലധികം പാലിയേറ്റീവ് രോഗികളുണ്ട്. ജില്ലയ്ക്ക് മാത്രമല്ല സംസ്ഥാനത്തിനും കൂടി മുന്നറിയിപ്പ് നല്‍കുന്നതാണ് പൂന്തുറയില്‍ ഇപ്പോള്‍ ഉള്ള സാഹചര്യം.
അതേസമയം പൂന്തുറയില്‍ പാല്, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാം. 11 മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: