കോഴിക്കോട്: പത്രപ്രവര്‍ത്തക പെന്ഷന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ഫോട്ടോഗ്രാഫര്‍ ഡൊമിനിക് സെബാസ്റ്റ്യന്‍ നാലു ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പെന്ഷന് അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാമെന്ന ഐആന്റ്പിആര്ഡി അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
കെയുഡബ്ല്യുജെ ജില്ലാ കമ്മറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് ഐ ആന്റ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍ എന്നിവര്‍ ഇന്നലെ രാവിലെ ഡൊമിനിക്കിനെ സന്ദര്‍ശിച്ചിരുന്നു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാന്, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പെന്ഷന് ലഭ്യമാക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എം. ഫിറോസ്ഖാനില്‍ നിന്ന് നാരങ്ങാനീര് സ്വീകരിച്ചു ഡൊമിനിക് സമരം അവസാനിപ്പിച്ചു.
വിവിധ പത്രങ്ങളില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച ഡൊമിനിക് സെബാസ്റ്റ്യന്‍ 20 വര്‍ഷമായി പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതിയില്‍ അംശാദായം അടച്ചു വരികയാണ്. ആരോഗ്യ കാരണങ്ങളാല്‍ നാലുവര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ച ഡൊമിനിക്ക് അന്നു തൊട്ട് പെന്ഷന് അനുവദിച്ചു കിട്ടാനായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. ഇദ്ദേഹത്തിന് 50 ശതമാനം പെന്ഷന് അനുവദിക്കാമെന്ന് 2019 ജനുവരി 17ന് ചേര്‍ന്ന പത്രപ്രവര്‍ത്തകപെന്‍ഷന്‍ മാനേജ്മെന്റ് കമ്മറ്റി യോഗം തീരുമാനിച്ചിട്ടും ഇതുവരെ നടപ്പായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഈമാസം അഞ്ചുമുതല്‍ വെള്ളിമാട്കുന്നിലെ വസതിയില്‍ ഡൊമിനിക് നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: