ഇരിട്ടി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ കാക്കുവാപ്പുഴ ഗതിമാറി ഒഴുകിയതുമൂലം പുഴയോരവാസികളായ കുടുംബങ്ങൾ ഭീതിയിലായി. ഫാം ആദിവാസി പുനരധിവാസമേഖലയിലെ പതിനൊന്നാം ബ്ലോക്കിലെ അമ്മിണിയും കുടുംബവുമാണ് വീട് പുഴയെടുക്കുമെന്ന ഭീതിയിൽ ഇവിടെ നിന്നും മാറിത്താമസിക്കേണ്ട അവസ്ഥയിലായത് . പുഴയോട് ചേർന്ന പറമ്പിന് സംരക്ഷണ ഭിത്തിയില്ല. വീട് നിൽക്കുന്ന ഒരേക്കറോളം സ്ഥലം പുഴ എടുത്തുകഴിഞ്ഞു. ഇത്തരത്തിൽ പത്തോളം പേരുടെ സ്ഥലങ്ങളും പുഴ എടുത്തു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷത്തെ പ്രളയത്തിലും ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവരുടെ അറ ഏക്കറോളം സ്ഥലം പുഴ എടുത്തത്. കല്ലുകളും മണലും മണ്ണും വന്നടിഞ്ഞ് പുഴ നികന്നതാണ് ഇപ്പോൾ പുഴ ഗതിമാറി ഒഴുകാനിടയായത് . കഴിഞ്ഞ രണ്ടു കാല വർഷത്തിലും ഇവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നെങ്കിലും ഒരു നഷ്ടപരിഹാരവും ഇവർക്ക് ലഭിച്ചില്ല അമ്മിണിയും കുടുംബവും പറയുന്നു.
ഇനിയും ബാക്കിയുള്ള സ്ഥലം കൂടി സംരക്ഷിക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കാൻ ആവശ്യമായ നടപ്പടിയും ഉണ്ടായില്ല. മഴകനത്തതോടെ ബാക്കിയുള്ള സ്ഥലം കൂടി പുഴ എടുക്കുമോ എന്ന ആശങ്കയിലും ഇനി എവിടേക്ക് പോകണമെന്ന ചിന്തയിലുമാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: