ആലക്കോട്: ആശാൻ കവല മഞ്ഞുമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനമാണ് തളിപ്പറമ്പ് മുനിസിപ്പൽ കോടതി തടഞ്ഞത്. കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തിൽ 281 ദിവസമായി തുടർന്നുവരുന്ന സത്യാഗ്രഹ സമരം തൽക്കാലം നിർത്തിവെക്കുന്നതായി സമരസമിതി കൺവീനർ സജി പുത്തൻകണ്ടം അറിയിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം മഞ്ഞുമലയിൽ സമരസമിതിയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തി. പൊതുയോഗത്തിൽ വച്ചാണ് സമരം തൽക്കാലം നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്. പരിസ്ഥിതി ലോല സ്ഥലങ്ങളിൽ ഖനന പ്രവർത്തനങ്ങൾ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഏപ്രിൽ 14 ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് അവഗണിച്ചുകൊണ്ടു ക്വാറിയുടെ പ്രവർത്തനം നടന്നുവരികയായിരുന്നു.
പ്രദേശവാസിയായ മാങ്ങോട്ട് അമ്മിണി ആന്റണി ക്വാറിയുടെ പ്രവർത്തനം ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നു എന്നും കുടിവെള്ളം മലിനമാക്കുന്നു എന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് അഡ്വക്കേറ്റ് തങ്കച്ചൻ മുഖേന നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. കരിങ്കൽ ക്വാറിയുടെ ഉടമ ഇബ്രാഹിം ഹാജിയെ എതിർകക്ഷി ആക്കിയായിരുന്നു ഹർജി. കോറിയുടെ പ്രവർത്തനം അന്വേഷിക്കാൻ കോടതി കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.
കമ്മീഷനായ അഡ്വക്കറ്റ് വിനോദ് കുമാർ കഴിഞ്ഞദിവസം മഞ്ഞുമല കരിങ്കൽ ക്വാറിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: