തിരുവനന്തപുരം: പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുറത്തു നിന്ന് പ്രദേശത്തെക്ക് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും. സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.
പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനം. സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റൈന് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാ ദിവസവും യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതാണ്. രോഗബാധിത പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം പൂന്തുറയില്‍ ഒരാളില്‍ നിന്ന് 120 പേര് പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര് പുതിയ സമ്പര്‍ക്കത്തിലും എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര് പോസിറ്റീവായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും ജില്ലാ കലക്ടറും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
രോഗം വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുമെന്നതിനാല്‍ വയോജനങ്ങള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഓരോ കുടുംബവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അവരെല്ലാവരും റിവേഴ്സ് ക്വാറന്റൈന് സ്വീകരിക്കേണ്ടതാണ്. ഒരു കാരണവശാലും ഇവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്. ലോക് ഡൗണ്‍ മാറിയതോടെയാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയത്. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. വിട്ടുവീഴ്ചയുണ്ടായാല്‍ അതിഗുരുതരമായ അവസ്ഥയുണ്ടാകും. ഇനിയും കൈവിട്ട് പോകാതിരിക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: