തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലുള്ള പൂന്തുറ മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ നിന്നു തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കര്‍ശന രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനും നിര്‍ദ്ദേശം നല്കി. ഇവിടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി 25 കമാന്റോകളെ നിയോഗിച്ചു.
പൂന്തുറ മേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാര് ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇക്കാര്യം തമിഴ്നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു.
പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളുടെ എണ്ണം കൂട്ടും
ജൂലൈ 10ന് പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളില്‍ നഗരസങയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വീടുകളില്‍ കുടുംബാംഗങ്ങള്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മേഖലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നിരീക്ഷണം വര്‍ദ്ധിപ്പിക്കും. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ സൗജന്യമായി മാസ്ക്കുകള്‍ വിതരണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: