കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി പ്രാഥമികാന്വേഷണം നടത്തി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഉദ്യോഗസ്ഥരെത്തിയത്. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മടങ്ങി.
ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎയും കേസില്‍ വിവരശേഖരണം നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് സിബിഐയും വിവരങ്ങള്‍ ശേഖരിക്കുന്നത്. സാധാരണഗതിയില്‍ കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെങ്കില്‍ സിബിഐ ഇടപെടല്‍ ഉണ്ടാകുന്നതാണ്. സ്വര്‍ണ്ണക്കടത്തില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടോ ഇല്ലയോ എന്ന പ്രാഥമിക വിവരശേഖരത്തിനായാണ് സിബിഐ സംഘം എത്തിയതെന്നാണ് സൂചന.
ഇത് കൂടാതെ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് ഉന്നത തലത്തില്‍ ബന്ധങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് സിബിഐ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിയത്.
അതേസമയം കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി ആരംഭിച്ചു. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയയെയാണ് ചോദ്യം ചെയ്യുന്നതിനായി കേന്ദ്രത്തിന്റെ അനുമതിക്കായി കസ്റ്റംസ് കത്ത് അയച്ചിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കത്ത് നല്‍കിയത്. ബോര്‍ഡ്, അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.
അറ്റാഷെയുടെ പേരിലാണ് സ്വര്‍ണ്ണം ഉള്‍പ്പെട്ട ബാഗേജ് എത്തിയത്. കൂടാതെ അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗജ് എടുക്കാന്‍ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷ്യ വസ്തുക്കള്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും സ്വര്‍ണം കൊണ്ടു വന്നതില്‍ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം നല്‍കിയത്. ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് അറ്റാഷെയ്ക്ക് കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: