തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് തീരമേഖലയില്‍ കടല്‍ക്ഷോഭം അതിരൂക്ഷമായി. ശക്തിയായ കടലാക്രമണത്തില്‍ ജിയോ ബാഗ് തടയണകള്‍ തകര്‍ന്നു. പ്രദേശത്തെ രണ്ടു വീടുകള്‍ തകരുകയും നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടിലാവുകയും ചെയ്തു. എറിയാട് മണപ്പാട്ട് പ്രദേശത്താണ് 50 മീറ്ററോളം ദൂരത്തില്‍ തടയണ തകര്‍ന്നിട്ടുള്ളത്.
കാലവര്‍ഷത്തെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തെ പ്രതിരോധിക്കുന്നതില്‍ ജിയോ ബാഗ് തടയണകള്‍ തീരദേശവാസികള്‍ക്ക് ഒരു ആശ്വാസമായിരുന്നു. ശക്തമായ കടലാക്രമണം ഉള്ള പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജിയോ ബാഗ് ഉപയോഗിച്ച് തടയണ നിര്‍മ്മിച്ചിട്ടുണ്ട്. തടയണ ഇല്ലാത്ത ഭാഗങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ച് തടയണ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായത്.
മണ്ണഞ്ചേരി ഇബ്രാഹിം, വടക്കുംപുറത്ത് ഇബ്രാഹിം എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഇതില്‍ ഒരു കുടുംബം ബന്ധുവീട്ടിലേക്കും ഒരു കുടുംബത്തെ എറിയാട് എഎംഐയുപി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: