കിളിമാനൂര്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുരുന്നുകള്‍. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ കഴിയാത്തതിനാല്‍ അധ്യാപകര്‍ കുട്ടികളുടെ വീട്ടില്‍ എത്തിയാണ് ഇക്കുറി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്. ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ എന്ന കഥയും അതിലെ കഥാപാത്രങ്ങളുമാണ് ‘പാഠം ഒന്ന് ഇമ്മിണി ബല്യ കൊറോണ’ എന്ന സ്വതന്ത്ര ദൃശ്യാവിഷ്‌കാരത്തിലൂടെ പുനര്‍ജനിച്ചത്.
കഥയിലെ നായികയായ സൈനബ തന്റെ ചായക്കടയില്‍ മാസ്‌ക് ധരിക്കാതെ എത്തുന്ന മണ്ടന്‍മുത്തപ്പയ്‌ക്ക് പുട്ടിനോടൊപ്പം മാസ്‌കും നല്‍കുന്നു. കഥയിലെ ഒറ്റക്കണ്ണന്‍ പോക്കര്‍ തന്റെ കുലത്തൊഴിലായ മുച്ചീട്ടുകളി ഇനി സാമൂഹിക അകലം പാലിച്ചു കൊണ്ടുമാത്രമേ ഉള്ളൂവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു.
ബഷീറിന്റെ ഗ്രാമഫോണിലൂടെ കേള്‍ക്കുന്ന ‘സോജ… രാജകുമാരി’ ഗസലിനൊപ്പം കൊറോണ വൈറസിനെതിരെയുള്ള മുന്‍കരുതലുകളും കേള്‍ക്കാം. ബഷീര്‍ അനുസ്മരണത്തോടൊപ്പം മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത കഥാപാത്രങ്ങളെ കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
സ്‌കൂളിലെ അരങ്ങ് യൂട്യൂബ് ചാനലിലൂടെ എല്ലാ കുട്ടികളിലും സന്ദേശം എത്തിക്കാനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ ചിത്രീകരണ ഉദ്ഘാടനം കലാകാരനും നാടകപ്രവര്‍ത്തകനും കിളിമാനൂര്‍ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്ററുമായ വി.ആര്‍. സാബു നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: