അടിമാലി: കനത്ത മഴയെത്തുടര്‍ന്ന് കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് ബൈക്ക് തകര്‍ന്നു. സ്കൂളിന്റെ താഴ്ഭാഗത്ത് കൂടി കടന്ന് പോകുന്ന റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ് തകര്‍ന്നത്.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. സ്കൂള്‍ മൈതാനത്തിന്റെ നാല്‍പ്പത് അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതോടെ ഈ ഭാഗത്തുകൂടിയുള്ള യാത്ര അപകട ഭീഷണിയിലായി. സ്കൂള്‍ അവധി ആയതിനാല്‍ കുട്ടികള്‍ ആരും ഇല്ലാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. സംരക്ഷണ ഭിത്തിയുടെ താഴ്ഭാഗത്ത് പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
തുടര്‍ച്ചയായി മഴക്കാലങ്ങളില്‍ ഇടിയുന്ന ഭിത്തിയ്ക്ക് നൂറടിയിലേറെ നീളമുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലും ഇത് തകര്‍ന്നിരുന്നു. പുതുക്കി പണിതിട്ടും കെട്ട് ഇടിഞ്ഞത് സമീപവാസികളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
പ്രളയകാലങ്ങളില്‍ ഈ സ്കൂള്‍ കെട്ടിടത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായ് കൃഷ്ണന്, വാര്‍ഡ് മെമ്പര്‍ ടൈറ്റസ് തോമസ്, പൊതുപ്രവര്ത്തകന് ആര്.സി. ഷാജി, ആശാ വര്‍ക്കര്‍ അനിതാമോള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: