ന്യൂദല്‍ഹി: തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ലഗേജ് വരെ സ്വര്‍ണം കടത്തിയ ഗുരുതര സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിലേക്കുമെന്ന് സൂചന. കസ്റ്റംസിന്റെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രതലത്തില്‍ ആലോചന സജീവമായത്. എന്നാല്‍, സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരപ്രവര്‍ത്തനമോ ദേശദ്രോഹ പ്രവര്‍ത്തമോ ആയിരുന്നു ലക്ഷ്യമെങ്കില്‍ സിബിഐ കൂടാതെ എന്‍ഐഎയും അന്വേഷണത്തില്‍ ഒത്തുചേരും. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫിസും വളരെ ഗൗരവകരമായാണു കാണുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. കസ്റ്റംസ് വിഭാഗത്തോടും നികുതി വിഭാഗത്തോടും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇരുവരും തേടി. കസ്റ്റംസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അതുതരം കേന്ദ്രഏജന്‍സിക്കാകും അന്വേഷണം കൈമാറേണ്ടതെന്ന് തീരുമാനിക്കുക. കേസിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കാന്‍ കസ്റ്റംസിന് സാധിക്കാത്തതിനാല്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് സിബിഐക്ക് കൈമാറുമെന്ന് സൂചനയാണ് ലഭിക്കുന്നത്. കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷ് ഇപ്പോഴും ഒളിവിലാണ്.
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്‌ക്കായി തെരച്ചില്‍ തുടരുകയാണ്.
കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്‌ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ഇവര്‍ ആര്‍ക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളില്‍ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്‌ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: