ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്ലിലെ തൊഴിലാളികളെ ബദലി തൊഴിലാളികളായി ധനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ട് 25 ദിവസം പിന്നിട്ടിട്ടും നടപടിയില്ല. തൊഴിലാളികളുടെ സ്ഥിര നിയമനത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് കെഎസ്ടിസി ചെയര്മാന്, എംഡി, മില്‍ മാനേജര്‍, സിഐടിയു ബോര്‍ഡ് മെമ്പര്‍ കമ്പനിയിലെ വിവിധ യൂണിയന് നേതാക്കളുടെ സാന്നിധ്യത്തില്‍ ധനമന്ത്രി തോമസ് ഐസക്, സ്പിന്നിങ് മില്ലിലെ മുഴുവന്‍ തൊഴിലാളികളെയും ബദലികളായി പ്രഖ്യാപിച്ചു.
ഒന്ന് രണ്ട് ആഴ്ചക്കുള്ളില്‍ ഇതു സംബന്ധിച്ച് ഗവണ്മെന്റ് ഓര്‍ഡര്‍ ഇറങ്ങുന്ന മുറയ്ക്ക് പ്രാബല്യത്തില്‍ വരുമെന്നും പ്രഖ്യാപിച്ചു. അര്‍ധ പട്ടിണിയിലായ തൊഴിലാളികള്‍ക്ക് തെല്ലൊരു ആശ്വാസം ആകുമെന്ന് കരുതിയെങ്കിലും ഒന്നും തന്നെ നടന്നില്ല.
അതിനുശേഷം ധനമന്ത്രി യും വ്യവസായ മന്ത്രിയും കമ്പനി സന്ദര്‍ശിക്കുകയും കമ്പനി നിര്‍മിച്ച തുണി ഉപയോഗിച്ച് നിര്‍മിച്ച മാസ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച വേളയിലും ഇവിടുത്തെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു.
‘ജൂണ്‍ അവസാന വാരം താന്‍ ഒപ്പുവച്ചു. കോമളപുരം സ്പിന്നിങ് മില്ലിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇനി മുതല്‍ 670 രൂപ ശമ്പളം’ എന്ന രീതിയില്‍ ധനമന്ത്രി തന്നെ ഫേസ്ബുക് പോസ്റ്റിട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ബദലി ഉത്തരവ് ഇറങ്ങാത്തതില്‍ കേരള സ്പിന്നിങ് മില്‍ വര്‍ക്കേഴ്സ് യൂണിയന് വൈസ് പ്രസിഡന്റ് പി.വി. സുധാകരനും യൂണിയന് ജനറല്‍ സെക്രട്ടറി ടി.ആര് ആനന്ദനും പ്രതിഷേധ മറിയിച്ചു.
സ്പിന്നിങ് മില്‍ തൊഴിലാളികളെ നിരന്തരം കബളിപ്പിക്കുന്ന രീതിയാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകുന്നത്. സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രിയും തൊഴിലാളികളെ പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കുന്നതില്‍ വ്യാപക പ്രതിഷേധമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: