അന്തിനാട്: ഗള്‍ഫില്‍ നിന്നും വന്ന യുവാവിന് ക്വാറന്റൈനില്‍ പോകാന്‍ വീടിന്റെ രണ്ടാംനില വിട്ടുനല്‍കി അന്തിനാട് തൊണ്ടയില്‍ (കല്ലറയ്ക്കല്‍) മാഗി ഡൊമിനിക്. അയല്‍വാസിയായ അരുണ്‍കുമാറിനാണ് മാഗി വീടിന്റെ രണ്ടാം നില വിട്ടുനല്‍കിയത്.
സൗദിയിലായിരുന്ന അരുണ്‍കുമാര്‍ ഏഴുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും കുട്ടിയും പ്രായമായ അച്ഛനും അമ്മയും അടക്കം ആറുപേരാണ് അരുണ്‍കുമാറിന്റെ ചെറിയ വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ താമസിക്കാന്‍ കഴിയില്ല. ഹൃദയ സംബന്ധമായ രോഗം ഉള്ളതിനാല്‍ സര്‍ക്കാര്‍ ക്വാറന്റൈനിലേയ്ക്ക് വിടാന്‍ വീട്ടുകാര്‍ക്കും ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് ഇവരുടെ വിഷമം മനസിലാക്കിയ അയല്‍വാസിയായ മാഗി തന്റെ വീടിന്റെ രണ്ടാം നില അരുണിനായി വിട്ടുനല്‍കാന്‍ തയ്യാറായത്.
പ്രായമായത് കൊണ്ട് വീട് വിട്ടുനല്‍കണോ എന്ന് ആരോഗ്യ പ്രവര്‍ത്തകരും പോലീസും ചോദിച്ചു. എന്നാല്‍ മാഗി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അറുപത്തിയഞ്ച് വയസുള്ള മാഗി തനിച്ചാണ് താമസിക്കുന്നത്. മക്കളായ തുഷാര, സിതാര, എഡ്വിന് എന്നിവര്‍ വര്‍ഷങ്ങളായി കാനഡയിലാണ്.
ഹൃദയ സംബന്ധമായ രോഗമുള്ള അരുണിന് ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യണം. അതിന് ലക്ഷങ്ങളാണ് വേണ്ടത്. അതിനുള്ള പണം കണ്ടെത്താനാണ് ഗള്‍ഫില്‍ പോയത്. രണ്ടാം നിലയിലെ അടച്ചിട്ട മുറിയില്‍ താമസിക്കുന്ന അരുണിന് അച്ഛന് ആഹാര സാധനങ്ങള്‍ എത്തിച്ചു നല്‍കും. സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അരുണ്‍ കഴിയുന്നത്. വിദേശത്ത് നിന്നും വരുന്നവരെ വീട്ടില്‍ പോലും കയറ്റാത്ത ബന്ധുക്കളുള്ള നാട്ടിലാണ് മാഗിയുടെ നന്മ നാം തിരിച്ചറിയുന്നത്. മാഗി ഇപ്പോള്‍ പുറത്തിറങ്ങാറില്ല. വീട്ടുസാധനങ്ങള്‍ വാങ്ങികൊടുക്കുന്നത് അരുണിന്റെ അച്ഛനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: