കാട്ടാക്കട: ജനങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന ഒരു മരുന്നുമല. കന്യാകുമാരി ജില്ലയിലെ മരുന്നുമലയാണ് മരുത്വാമല. പശ്ചിമഘട്ടമലനിരയിലാണ് ഈ മൃതസഞ്ജീവനി. ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, അറേബ്യന്‍ കടല്‍ അവയുടെ സംഗമസ്ഥാനമായ കന്യാകുമാരിയില്‍ നിന്നും കേവലം അഞ്ചു കിലോമീറ്റര്‍ മാറിയുള്ള ഈ ഐതിഹ്യഭൂമിയില് ചരിത്രത്തിന്റെയും ആത്മീയതയുടേയും കാല്‍പ്പാടുകള്‍ പടര്‍ന്നുകിടപ്പുണ്ട്. മരിച്ചവര്‍ക്ക് പുനര്ജന്മം നല്കാന് കഴിയുമെന്ന് വിശ്വസിക്കുന്ന മൃതസഞ്ജീവനികളുടെ കേദാരഭൂമി.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 800 അടിയോളം ഉയരത്തില്‍, 625 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് മരുത്വാമല. മികച്ച ജൈവവൈവിധ്യ മേഖല. ജനങ്ങളാണ് ഈ വനഭൂമിയുടെ സംരക്ഷകര്‍. വനംവകുപ്പ് കാര്യങ്ങള്‍ നോക്കുമെങ്കിലും ജനങ്ങളുടെ കൈകളില്‍ ഈ മല ഭദ്രമാണ്. ആയുര്‍വേദ മരുന്നുകളുടെ കലവറയാണത്രെ ഈ കുന്ന്.
മരുത്വാമലയിലെ ഔഷധസസ്യങ്ങളെക്കുറിച്ച് ഒരുപാട് പഠനങ്ങളും നടന്നുവരുന്നു. ഐതിഹ്യപ്രകാരം കന്യാകുമാരിക്ക് അടുത്തുള്ള ശ്രീലങ്കയില്‍ രാമരാവണ യുദ്ധത്തിനിടയില്‍ മേഘനാഥന്റെ അസ്ത്രമേറ്റുവീണ ലക്ഷ്മണനെ രക്ഷിക്കാനായി ഹനുമാന് ദ്രോണഗിരി പര്‍വതവുമായി പോകുമ്പോള്‍ അതില്‍ നിന്ന് അടര്‍ന്നു വീണുണ്ടായതാണത്രേ മരുത്വാമല. ഹനുമാന്റെ കയ്യില്‍നിന്നും വഴുതിപ്പോയ മലയെക്കുറിച്ച് രാമായണത്തിലും പ്രതിപാദിക്കുന്നുണ്ട്.
മരുത്വാമലയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളും പഠനവും ഗവേഷണവും നടത്തുകയാണ്. ഇവിടത്തെ ഔഷധസസ്യങ്ങളെ സംബന്ധിച്ചാണ് ആധികാരിക പഠനം. അടുത്തിടെ ഇവിടെ നിന്നും സഹ്യസാനുവിലെ ചില അപൂര്‍വയിനം ചെടികള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഇതു സംബന്ധിച്ച് പഠനം നടന്നുവരികയാണ്. മൃതസഞ്ജീവനിയും വിശല്യകരണിയും സന്താനകരണിയും സുവര്‍ണകരണിയും ഇപ്പോഴും അവിടെ കണ്ടേക്കാം. പക്ഷേ അവയെ തിരിച്ചറിയാന്‍ ഇനിയും വേണം കാത്തിരിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: