സമൂഹ വ്യാപനത്തെക്കുറിച്ച് സി.ഡി.സി (Centers for Disease Control and Preventionി), ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നിര്‍വ്വചനങ്ങള്‍ കൃത്യവും പ്രായോഗികവും പൊതുജങ്ങള്‍ക്ക് ഉപകാരപ്രദവുമാണ്. യുഎസ്, ഓസ്ട്രേലിയ, യുകെ, അയര്‍ലന്റ് മുതലായ വികസിത രാജ്യങ്ങള്‍ ഈ നിര്‍വചനം ഉപയോഗിക്കുന്നു.
നിര്‍വചനം: അണുബാധയുടെ ഉറവിടം അറിയാത്ത ആളുകള്‍ കാണപ്പെടുമ്പോള്‍, ഇത് സമൂഹ വ്യാപനമായി നിര്‍വചിക്കപ്പെടുന്നു.
എന്നു വച്ചാല്‍, ഒരു രാജ്യത്ത് രോഗം പടരുന്നതു തടയാന്‍ കോണ്ടാക്റ്റ് ട്രേസിംഗ് മാത്രം മതിയാകാത്ത കൃത്യമായ ആ പോയിന്റ് നിര്‍വചിക്കുന്നു. അതായത് രോഗവാഹകരെ കണ്ടത്താന്‍ സമൂഹത്തില്‍ കൂടുതല്‍ പരിശോധന നടത്തേണ്ട അവസ്ഥ.
സമൂഹ വ്യാപനമെന്ന് പ്രഖ്യാപിക്കേണ്ടത് എന്തുകൊണ്ട്?
പൊതുജനങ്ങള്‍ ജോലിക്ക് പോകുമ്പോഴും പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും മുന്‍കരുതലുകള്‍ എടുക്കാനും ജാഗ്രത പാലിക്കാനും ഈ അറിവ് സഹായകമാവുന്നു.
”സമൂഹ വ്യാപനമില്ല” എന്ന് അധികാരികള്‍ തുടര്‍ന്നും പറഞ്ഞാല്‍ പൊതുജനം സ്വാഭാവികമായും ചിന്തിക്കുന്നത് ”നാം ജീവിക്കുന്ന സമൂഹത്തില്‍ വൈറസ് ഇല്ല” എന്നായിരിക്കും.
ഒരു വിഭാഗം ആളുകള്‍ വൈറസിനെ നിസ്സാരമായി കാണും. മുന്‍കരുതലുകള്‍ അവഗണിക്കും. വ്യാപനം വഷളാകാന്‍ പ്രധാന കാരണവും ഇതാണ്.
ഓസ്ട്രേലിയ
വ്യക്തമായ ഉറവിടങ്ങളില്ലാത്ത ആദ്യത്തെ രോഗിയെ കണ്ടെത്തിയ ഉടനെ തന്നെ, ഓസ്ട്രേലിയ മാര്‍ച്ച് 2 ന് സമൂഹ വ്യാപനം ഉണ്ടെന്ന് ജനങ്ങളെ അറിയിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള 41 വയസ്സുള്ള ഒരു സ്ത്രീയില്‍ ആണ് ഇങ്ങനെ കണ്ടെത്തിയത്. അക്കാലത്ത് ആ രാജ്യത്ത് വെറും 33 കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അമേരിക്ക
വ്യക്തമായ ഉറവിടങ്ങളില്ലാത്ത ആദ്യത്തെ രോഗിയെ കാലിഫോര്‍ണിയയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് ഫെബ്രുവരി 26 ന് സാമൂഹ്യ വ്യാപനം പ്രഖ്യാപിച്ചു. അക്കാലത്ത് ആ രാജ്യത്ത് 60 കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവരൊക്കെ സാമൂഹ്യ വ്യാപനം പ്രഖ്യാപിച്ച് നാലു മാസം കടന്നു പോയിരിക്കുന്നു. ഇന്ത്യയിലിപ്പോള്‍ 7 ലക്ഷം കേസുകളുണ്ട്. അവയില്‍ ഓരോന്നിന്റെയും ഉറവിടം ഞങ്ങള്‍ കണ്ടെത്തിയെന്ന് ഇനിയും നടിക്കാന്‍ കഴിയില്ല.
കൂടാതെ, നമ്മുടെ രാജ്യത്ത് സമൂഹത്തില്‍ വ്യാപകമായി പരിശോധന ഇനിയും നടന്നിട്ടില്ല. സമൂഹത്തില്‍ എത്രപേര്‍ കൂടി രോഗബാധിതരാണെന്ന് എങ്ങിനെ അറിയും? എല്ലാവരെയും പരിശോധിക്കാന്‍ സാധ്യമല്ല. അതിനാല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സെന്റിനെല്‍ പരിശോധന വ്യാപകമാക്കേണ്ടതുണ്ട്.
മാത്രവുമല്ല, വൈറസിന് ജില്ലയോ സംസ്ഥാനമോ രാജ്യമോ ഇല്ല. അതു പടരുന്നത് ഒരു കുറച്ചിലോ പരാജയമോ ആയി കാണ്ടേണ്ടതില്ല.
‘ആകാശത്തു നിന്നും ധാരാളം വെള്ളത്തുള്ളികള്‍ താഴേയ്ക്ക് വീഴുന്നുണ്ട്, പക്ഷേ അതു മഴ ആണെന്നു ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നില്ല’ എന്നത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.
ഡോ. രാജീവ് ജയദേവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: