ചാലക്കുടി: ശക്തമായ മഴയെ തുടര്‍ന്നുള്ള നീരൊഴുക്ക് മൂലം പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 419 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഡാമിലെ ഷട്ടറുകള്‍ തുറന്നുവെച്ചിരിക്കുന്നതിനാല്‍ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററില്‍ എത്തുമ്പോള്‍ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും.
ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയിലെ ജലനിരപ്പ് 418 മീറ്റര്‍ ആയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് ജലനിരപ്പ് 419 മീറ്ററായത്. ചാലക്കുടി പുഴയില്‍ പൊതുജനങ്ങളും കുട്ടികളും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണമുണ്ടാവും. പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: