ബറേലി: ഉത്തര്‍പ്രദേശിലെ ദുദ്വാകടുവാ സങ്കേതത്തില്‍ അപൂര്‍വ്വയിനം ഓര്‍ക്കിഡ് പൂവിട്ടു. ഇന്ത്യയില്‍ അപകടകരമായ രീതിയില്‍ വംശനാശ ഭീഷണി നേരിടുന്ന ഗ്രൗണ്ട് ഓര്‍ക്കിഡ് എന്ന പേരില്‍ അറിയപ്പെടുന്ന യൂലോഫിയ ഒബ്ടൂസയാണ് പൂവണിഞ്ഞത്.
ഏകദേശം നൂറ്റിപതിനെട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ ഓർക്കിഡ് പൂത്തത്. വനപാലകരും വന്യമൃഗ നിരീക്ഷകരും നടത്തിയ പതിവ് സന്ദര്‍ശങ്ങള്‍ക്കിടയിലാണ് യൂലോഫിയ ഒബ്ടൂസ പൂവിട്ടത് കാണുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവയാണ് ഈ ഓര്‍ക്കിഡ്.
1902ല്‍ പിലിഭിത്തിലാണ് ഇവയെ അവസാനമായി കണ്ടെത്തിയതെന്നാണ് ഇംഗ്ലണ്ടിലെ ക്വീ ഹെര്‍ബേറിയത്തിലെ രേഖകള്‍ വ്യക്തമാക്കുന്നത്. ഗംഗാ നദിയുടെ തടങ്ങളിലുള്ള പുഷ്പങ്ങളിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗം ഓര്‍ക്കിഡിനെ 2008ലാണ് ബംഗ്ലാദേശില്‍ ആദ്യമായി കണ്ടെത്തിയത്.
ജൂണ്‍ 30നാണ് അപരിചിതമായ ഒരു പൂവ് ശ്രദ്ധയില്‍പ്പെടുന്നത്. അന്ന് അതിന്റെ ചിത്രങ്ങള്‍ എടുത്തു. എന്നാല്‍ ഇത് അപൂര്‍വ്വയിനം ഓര്‍ക്കിഡ് ആണെന്ന് വിദഗ്ധരുടെ സ്ഥിരീകരണം പിന്നീടാണ് ലഭിച്ചതെന്ന് ദുദ്വാകടുവാ സങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടര്‍ സഞ്ജയ് പതക് ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കി. ചിത്രത്തോടൊപ്പം സ്ഥലത്തിന്റെ വിവരം കൃത്യമായി രേഖപ്പെടുത്തിയിരുന്നത് വീണ്ടും ചെടി കണ്ടെത്താന്‍ സഹായിച്ചുവെന്ന് ഇദ്ദേഹം പറയുന്നു.
ദുദ്വാ കടുവ സങ്കേതത്തിലെ രണ്ട് ഇടങ്ങളിലാണ് നിലവില്‍ ഈയിനം ഓര്‍ക്കിഡ് കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: