കൊട്ടാരക്കര: സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ കൊട്ടാരക്കരയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ പട്ടണത്തിലെ ഗതാഗതം അടക്കം നിര്‍ത്തി. അവശ്യസര്‍വീസ് മാത്രമാണ് നടത്തുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു.
കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയും അടച്ചു. ഒരാഴ്ചത്തേക്ക് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം. ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. മറ്റിടങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍ പ്രവേശിക്കാതെ കടന്നുപോകണം. സമ്പര്‍ക്കത്തിലൂടെ കൊട്ടാരക്കര സ്വദേശികളായ രണ്ടുപേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൊട്ടാരക്കര പട്ടണം ഉള്‍പ്പടെ കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് കെഎസ്ആര്‍ടിസി ഡിപ്പോ പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥ വന്നത്.
ഇതുമൂലം പുലര്‍ച്ചെ സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. എന്നാല്‍ ബസുകള്‍ ടൗണ്വിട്ട സ്ഥലങ്ങളില്‍ നിര്‍ത്തുന്നതിനാല്‍ യാത്രാബുദ്ധിമുട്ടുകള്‍ക്ക് വലിയ അയവുണ്ടാകുന്നുണ്ട്. കൊട്ടാരക്കര സ്റ്റേഷനില്‍ പരാതി നല്‍കുന്നതിന് സാമൂഹ്യ അകലം പാലിച്ച് ഹെല്‍പ്പ് ഡെസ്ക് തുറന്നു.
കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ റെയില്‍വേ സ്റ്റേഷന് ജംഗ്ഷനിലും പടിഞ്ഞാറെ തെരുവിലും പുത്തൂര്‍ റോഡില്‍ മുസ്ലിം സ്ട്രീറ്റ് പാലത്തിലും തിരുവനന്തപുരം റോഡില്‍ കരിക്കത്തും അടൂര്‍ റോഡില്‍ കുന്നക്കരയിലും പോലീസ് ബാരിക്കേഡുവച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ്. എല്ലാ യാത്രക്കാരെയും പോലീസ് തടയുന്നുണ്ട്. അടിയന്തര ആവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്. മെഡിക്കല്‍ സ്റ്റോറുകളും പാഴ്സല്‍ ഭക്ഷണശാലകളും മാത്രമാണ് പട്ടണത്തില്‍ തുറന്നിട്ടുള്ളത്. ഒരാഴ്ച ഇത് തുടരാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: