കൊട്ടാരക്കര: വെളിയം മാലയില്‍ മറവന്‍കോട്ടെ സര്‍ക്കാര്‍ മിച്ചഭൂമിയിലെ മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമം. പ്രാദേശിക രാഷ്ട്രീയനേതാവിന്റെ നേതൃത്വത്തില്‍ നടന്ന മരം കടത്തല്‍ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തി. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും പോലീസ് എത്തി രേഖകള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ കൃത്യമായ രേഖകളില്ലാതെയാണ് സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തില്‍ കയറ്റിയ തടി തിരിച്ചിറക്കി.
വാഹനങ്ങളില്‍ മുറിച്ചുകയറ്റിയ 50 ടണ്ണോളം വരുന്ന പ്ലാവ്, കശുമാവ്, തേക്ക്, റബ്ബര്‍, മാഞ്ചിയം, മരുത് മുതലായ മരങ്ങളാണ് തിരിച്ചിറക്കിയത്. ഏതാനും ദിവസങ്ങളായി തരിശുപുരയിട കൃഷിയുടെ മറവില്‍ യാതൊരു അനുമതിയും ഇല്ലാതെ സര്‍ക്കാര്‍ ഭൂമിയിലെ വിലപിടിപ്പുള്ള മരങ്ങള്‍ പ്രാദേശിക നേതാവും സംഘവും കടത്തിവരികയാണെന്നും വില്ലേജ് ഓഫീസറുടെ അറിവോടെയാണ് മരങ്ങള്‍ മുറിച്ചു കടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത് നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാതെ തടി കടത്തുന്നതിന് അവസരം ഒരുക്കിയ വില്ലേജ് ഓഫീസര്‍ക്ക് എതിരെ നിയമ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: